തിരുവനന്തപുരം
നഗരത്തിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ 17,000 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിച്ച് സൗരോർജ വിപ്ലവം സൃഷ്‌ടിക്കാൻ കോർപറേഷൻ. കോർപറേഷൻ പരിധിയിലെ 515 സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോവാട്ടിൽനിന്നും ദിവസം ശരാശരി നാല് യൂണിറ്റിന് മുകളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ഇതിലൂടെ പ്രതിവർഷം 2.5 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്. കോർപറേഷൻ ഓഫീസിന് പുറമെ സർക്കാർ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സോളാർ പാനൽ സ്ഥാപിക്കും. മെഡിക്കൽ കോളേജ് ക്യാമ്പസാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനം. പ്രധാന കെട്ടിടം, ആർസിസി, എസ്എടി എന്നിവിടങ്ങളിലായി 1350 കിലോവാട്ടിന്റെ പാനലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി മെഡിക്കൽ കോളേജിന് എല്ലാ മാസവും ഏഴ് ലക്ഷം രൂപ വരെ വൈദ്യുതി ബില്ലിൽ കുറയ്‌ക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഓൺഗ്രിഡ് സോളാർ സംവിധാനമായതിനാൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും. പൊതുമേഖലാ സ്ഥാപനങ്ങളായ ബ്രഹ്മോസിലും എച്ച്എൽഎല്ലിലും 1000 കിലോവാട്ട് പാനലും സ്ഥാപിച്ചിട്ടുണ്ട്. പുനരുപയോഗ ഹരിതോർജ ഉപയോഗത്തിന് പ്രാധാന്യം നൽകുകയെന്നതാണ് സോളാർ സിറ്റി പദ്ധതിയിലൂടെ കോർപറേഷൻ ലക്ഷ്യമിടുന്നത്. സ്‌മാർട്ട്സിറ്റി മിഷന്റെ സോളാർ സിറ്റി പദ്ധതി നടപ്പാക്കുന്നത് അനെർട്ടാണ്. സോളാർ നഗരമെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ വീടുകളിൽ 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ നിലയങ്ങളും സ്ഥാപിക്കുന്നുണ്ട്. യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ 2024 അവാർഡിൽ കോർപറേഷൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സൗരോർജ കെട്ടിടങ്ങൾ, സോളാർ തെരുവുവിളക്കുകൾ എന്നിവയുടെ നടപ്പാക്കലും പരിഗണിക്കപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..