തിരുവനന്തപുരം
തലസ്ഥാന നഗരത്തിലെ പ്രമുഖ ക്ലബ്ബായ ട്രിവാൻഡ്രം ക്ലബ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ തണ്ടപ്പേർ റദ്ദാക്കി സർക്കാർ ഉത്തരവ്. ക്ലബ് സ്ഥിതി ചെയ്യുന്ന ശാസ്‌തമംഗലം വില്ലേജിലെ വഴുതക്കാട്ടുള്ള 2.256 ഹെക്ടർ സ്ഥലം സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തണ്ടപ്പേർ റദ്ദാക്കിയത്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ അസി. കമീഷണർ (എൽഎ) നൽകിയ റിപ്പോർട്ടിന്റെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
തുടർ നടപടി സ്വീകരിക്കാൻ ലാൻഡ് റവന്യു കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യൻ ക്ലബ് എന്ന പേരിൽ 1900ന്റെ ആരംഭത്തിൽ തുടങ്ങിയ ക്ലബ്ബിന് അന്നുമുതൽ ഭൂമിയിൽ അവകാശമുണ്ടെന്ന ക്ലബ് അധികൃതരുടെ വാദം അന്വേഷണത്തിൽ തള്ളിയിരുന്നു. സർക്കാർ നടത്തിയ പരിശോധനയിൽ ബിടിആറിൽ മാത്രമാണ് ഭൂമിയുടെ അവകാശം ക്ലബ്ബിന്റെ പേരിലുള്ളത്. ഭൂനികുതി സ്വീകരിക്കുന്നതിനുമാത്രം തയ്യാറാക്കുന്ന ബിടിആറിൽ ഉൾപ്പെട്ടതുകൊണ്ടോ, കാലങ്ങളായി നികുതി അടയ്‌ക്കുന്നെന്ന കാരണത്താലോ ഭൂമിയുടെ മേൽ അവകാശം സ്ഥാപിക്കാനാകില്ലെന്ന് കോടതി ഉത്തരവുകൾ പരാമർശിച്ച് ഉത്തരവിൽ പറയുന്നു.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ക്ലബ് അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും സർക്കാരിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
ട്രിവാൻഡ്രം ക്ലബ്ബിന്റെ ക്ലബ് ലൈസൻസ് ചോദ്യംചെയ്‌ത് സ്വകാര്യവ്യക്തി നൽകിയ ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
തുടർന്ന് ഭൂമിയുടെ ആധികാരികത പരിശോധിക്കാൻ ലാൻഡ് റവന്യു കമീഷണർ ഓഫീസിലെ അസി. കമീഷണറെ സർക്കാർ ചുമതലപ്പെടുത്തി. 2022 മാർച്ചിലാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..