തിരുവനന്തപുരം
പാപ്പനംകോട് ഇൻഷുറൻസ് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് നരുവാമൂട് സ്വദേശി വിനുകുമാറെ (45)ന്ന് വ്യക്തമായി. തീപിടിത്തത്തിൽ കൊല്ലപ്പെട്ട ഓഫീസ് ജീവനക്കാരി വൈഷ്‌ണയുടെ ഭർത്താവാണ് വിനുകുമാർ. വൈഷ്‌ണയെ കൊല്ലാനായി വിനുകുമാർ സ്ഥാപനത്തിന് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് വിനുകുമാറാണെന്ന് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.
നരുവാമൂടുനിന്ന് ഓട്ടോയിൽ കയറിയ വിനുകുമാർ കാരയ്ക്കാമണ്ഡപം ജങ്‌ഷനിലാണ് ഇറങ്ങിയത്. ഇവിടെനിന്ന് നടന്നാണ് ഓഫീസിലേക്ക് വന്നത്. നിറയെ സാധനങ്ങളുള്ള ബാഗ് പുറത്ത് തൂക്കിയാണ് ഇയാൾ എത്തിയത്. നരുവാമൂട് വിനുകുമാറിന്റെ സഹോദരിയുടെ വീടിന്റെ പെയിന്റിങ് നടക്കുന്നുണ്ട്. പെയിന്ററായ വിനുകുമാർ ഇവിടെനിന്ന് പെയിന്റിങ് ജോലിക്ക് ഉപയോഗിക്കുന്ന സാമഗ്രി കൊണ്ടുവന്ന് തീയിട്ടതെന്നാണ് നിഗമനം. നരുവാമൂട് ചെമ്മണ്ണിൽ മേലെ ശിവശക്തിയിൽ കേശവ പണിക്കരുടെയും സരോജിനിയുടെയും മകനാണ് വിനുകുമാർ. സഹോദരങ്ങൾ: കല, ശ്രീജ, ഹരി. മൃതദേഹം മെഡി. കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനാഫലം വന്നശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സുഹൃത്തിന്റെ ഭാര്യയായിരുന്ന വൈഷ്‌ണയെ നാലുവർഷംമുമ്പാണ് വിനുകുമാർ വിവാഹം ചെയ്‌തത്. കഴിഞ്ഞ ഒമ്പതുമാസമായി ഇരുവരും പിണങ്ങികഴിയുകയായിരുന്നു.
സംശയത്തിന്റെ പേരിൽ പലപ്പോഴും വിനുകുമാർ വൈഷ്‌ണയുമായി വഴക്കിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം വിനുകുമാറിന്റെ അമ്മയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറൻസിക്‌സ് സയൻസ് ലാബിലേക്ക് അയക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..