കണ്ണൂർ
സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് വയോധികയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയ കേസിൽ നാലുപേർ പിടിയിൽ. കണ്ണൂരിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന എഴുപത്തിരണ്ടുകാരിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്‌റ്റുചെയ്‌തത്.
കൊല്ലം മയ്യനാട് കൂട്ടിക്കട ‘ഷാജിത’ മൻസിലിൽ മുഹമ്മദ് നെബീൽ (23), തിരുവനന്തപുരം വെഞ്ഞാറമൂട് ‘നിയാസ്’ മൻസിലിൽ അജ്‌മൽ (24), നെടുമങ്ങാട് പരിക്കപ്പാറ ‘ഷൈലജ’ മന്ദിരത്തിൽ അഖിൽ (22), വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലേകുറ്റിമൂട് അസീ കോട്ടേജിൽ ആഷിഖ് (23) എന്നിവരെയാണ് കൊല്ലം തൃക്കോവിൽവട്ടം തട്ടാർകോണത്തെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. മൊത്തക്കച്ചവടക്കാരെന്ന വ്യാജേന തട്ടാർകോണത്ത് താമസിച്ചുവരികയായിരുന്നു ഇവർ. കഴിഞ്ഞദിവസം രാത്രി കൊട്ടിയം പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്‌റ്റുചെയ്‌തത്.
ഈമാസം ആദ്യം വാട്സാപ്പ് വഴി ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ കെയർ മേധാവി എന്ന് പറഞ്ഞാണ് ആദ്യവിളിയെത്തിയത്. കാർഡിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പണം അടയ്ക്കാനില്ലെന്ന് മനസിലാക്കി. രണ്ടുദിവസം കഴിഞ്ഞപ്പോൾ മറ്റൊരു നമ്പറിൽനിന്ന് വാട്സാപ്പ് വഴി സിബിഐ ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി കോളെത്തി. സിബിഐയുടെ എംബ്ലമടക്കം ഉപയോഗിച്ച് വിശ്വാസം പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു തട്ടിപ്പ്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്ക് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സെപ്തംബർ 11 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിൽനിന്നായി അഞ്ച് തവണയായി 1,65,83,200 രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയച്ചു. പണം പിൻവലിച്ചശേഷം ഫോൺനമ്പറിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..