21 November Thursday
മഴ തുടരുന്നു, വെള്ളക്കെട്ടും

താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
തിരുവനന്തപുരം
തിങ്കളാഴ്‌ച പെയ്‌ത ശക്തമായ മഴയിൽ നഗരത്തിൽ താഴ്‌ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. തമ്പാനൂർ, കോസ്‌മോപൊളിറ്റൻ ആശുപത്രിക്കുസമീപത്തെ ഇടറോഡുകള്‍, ആനയറ, വെട്ടുകാട് എന്നിവിടങ്ങളിലാണ്‌ വെള്ളക്കെട്ട്‌ രൂപപ്പെട്ടത്‌. ന​ഗരത്തില്‍ 45 മിനിട്ടിൽ 45 മില്ലിലിറ്റർ മഴ പെയ്‌തു. പെരുങ്കടവിളയില്‍ 53 മില്ലിലിറ്റർ, നെല്ലനാട്ടില്‍- 30 മില്ലിലിറ്റർ, ആറ്റിങ്ങലില്‍ 41 മില്ലിലിറ്റർ മഴയാണ്‌ ലഭിച്ചത്‌. 
 
വാഹനത്തിന്‌ 
മുകളിൽ 
മരക്കൊമ്പ്‌ വീണു 
വഴുതക്കാട് സർവേ ഓഫീസിനുസമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ്‌ വീണു. രാജാജി നഗർ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി കാറിനുള്ളിൽ കുടുങ്ങിയ ഉടമയെ രക്ഷിച്ചു. മരക്കൊമ്പ്‌ മുറിച്ചുനീക്കി ഗതാഗത തടസ്സം നീക്കി. വാഹനത്തിന് കേടുപാടുകളുണ്ട്‌.
 
ശുചീകരണം ഫലം കണ്ടു; വെള്ളം വേഗത്തിലിറങ്ങി
തിരുവനന്തപുരം
ശക്തമായ മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായെങ്കിലും പതിവിലും വേഗത്തിൽ വെള്ളമിറങ്ങി. കോർപറേഷന്റെ നേതൃത്വത്തിൽ മഴക്കാല പൂര്‍വശുചീകരണവും തുടര്‍ശുചീകരണങ്ങളും നടത്തിയിരുന്നു. ഇതിനെ തുടർന്ന്‌, ഓടകളിലെയും തോടുകളിലെയും ഒഴുക്ക് സുഗമമായതിനാലാണ്‌ വെള്ളം വേഗം ഇറങ്ങിയത്‌. 
തമ്പാനൂർ അടക്കം സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ കോർപറേഷന്റെ ഈ ഇടപെടൽ നേട്ടമായി.  ആക്ഷൻ പ്ലാൻ തയ്യാറാക്കി ശക്തമായ മുന്നൊരുക്കമാണ്‌ കോർപറേഷൻ നടത്തിയത്‌. ഓട വൃത്തിയാക്കൽ, കാട്‌ വെട്ടൽ,  മഴക്കുഴി വൃത്തിയാക്കൽ തുടങ്ങിയവ പൂർത്തിയാക്കിയിരുന്നു.
 
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ വെള്ളം കയറി
നെയ്യാറ്റിൻകര  
കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പഴയ ഓപ്പറേഷൻ തിയറ്ററിൽ വെള്ളം കയറി. ആശുപത്രിയിൽ മൂന്നു തിയറ്ററുകളുണ്ടെങ്കിലും സാധാരണ ഓപ്പറേഷനുകൾ നടത്തുന്നത് ഇവിടെയാണ്‌. താഴത്തെ നിലയിലാണിത്‌. വെള്ളം കയറിയതോടെ തിയറ്ററിനുള്ളിലെ ഓപറേഷനുകൾ നിർത്തിവച്ചു. ഒരാഴ്ചത്തേക്ക് തിയറ്റർ അടച്ചിട്ടിരിക്കുകയാണ്. അണുപരിശോധനകൾക്കുശേഷം മാത്രമേ ഇനി തുറക്കൂ. ഓപ്പറേഷൻ തീയതി കിട്ടിയ രോഗികൾ ഇതുകാരണം ബുദ്ധിമുട്ടിലായി. ആശുപത്രിയിൽ  നിരവധി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ശ്രദ്ധാപൂർവമല്ലാത്ത നിർമാണ പ്രവൃത്തികളാണ് വെള്ളം കയറാൻ കാരണമായത്. ചെറിയ മഴപെയ്താൽ പോലും വെള്ളം ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌ പതിവാണെന്നും ഇതൊന്നും സൂപ്രണ്ട് അടക്കമുള്ളവർ ശ്രദ്ധിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
 
നെടുമങ്ങാട് മിന്നലേറ്റ്‌ 
വിദ്യാർഥി മരിച്ചു
നെടുമങ്ങാട്
തിരിച്ചിട്ടപ്പാറ മലമുകളിൽവച്ച്‌ മിന്നലേറ്റ്‌ വിദ്യാർഥി മരിച്ചു. കിളിമാനൂര്‍ മേവര്‍ക്കല്‍ ജീജ ഭവനില്‍ മധു-–-ജീജ ദമ്പതികളുടെ മകൻ മിഥുനാ(16)ണ് മരിച്ചത്. തിങ്കൾ പകൽ 12ന്‌ താന്നിമൂടിനുസമീപം തിരിച്ചിട്ടപ്പാറ മലമുകളിലായിരുന്നു അപകടം. തിങ്കൾ പത്തരയോടെ കരുപ്പൂരു സ്വദേശിനിയായ വിദ്യാര്‍ഥിനി, അയല്‍വാസിയും സുഹൃത്തുമായ ഷൈൻ എന്നിവർക്കൊപ്പമാണ്‌ മിഥുന്‍ മലകയറിയത്. 11.30നുശേഷം ശക്തമായ ഇടിയോടെ മഴ പെയ്‌തു. മിഥുനും വിദ്യാർഥിനിയും സമീപത്തെ പാറയുടെ മറവിൽ നിന്നു. ഷൈന്‍ മറ്റൊരു പാറ മറവിലാണ്‌ നിന്നത്. ഈ സമയത്താണ്‌ മൂവര്‍ക്കും മിന്നലേറ്റത്‌. മിഥുന്‍ തല്‍ക്ഷണം മരിച്ചു. സുഹൃത്ത്‌ ബോധംകെട്ട്‌ വീണു. ഷൈന്റെ നിലവിളികേട്ട് എത്തിയ പ്രദേശവാസികളാണ് മിഥുന്‍ മരിച്ചു കിടക്കുന്നതും സമീപത്ത് കൂട്ടുകാരിയായ വിദ്യാര്‍ഥിനി ബോധരഹിതയായി കിടക്കുന്നതും കണ്ടത്. 
നെടുമങ്ങാടുനിന്ന്‌ അഗ്നിശമനസേനയെത്തി മിഥുന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കും വിദ്യാർഥിനിയെയും ഷൈനിനെയും അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. ഇൻക്വസ്റ്റിനുശേഷം ചൊവ്വാഴ്‌ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. മിഥുന്റെ സഹോദരി: മഞ്ജിമ. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top