05 December Thursday
ക്രിസ്‌മസ്‌, പുതുവര്‍ഷം

വരവേല്‍ക്കാന്‍ പുഷ്‌പമേളയും ദീപാലങ്കാരവും

സ്വന്തം ലേഖികUpdated: Thursday Dec 5, 2024
തിരുവനന്തപുരം
ക്രിസ്‌മസ്‌, പുതുവത്സര ആഘോഷത്തിന്റെ മോടിക്കൂട്ടാൻ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്‌പമേളയും ദീപാലങ്കാരവും 24 മുതൽ ജനുവരി 3 വരെ കനകക്കുന്നിൽ നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈവിധ്യപൂർണവും വർണാഭവുമായ ദീപാലങ്കാരമാണ് ഇക്കുറിയും ഒരുക്കുന്നത്.  ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന ഓണം വാരാഘോഷം വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒഴിവാക്കിയിരുന്നു. ഇതിനാൽ "വസന്തോത്സവം- 2024' വിപുലമായി സംഘടിപ്പിക്കുമെന്നും ഇത് തലസ്ഥാനവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉത്സവാന്തരീക്ഷം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. 
മാനവീയം വീഥി, കനകക്കുന്ന്, ഇ എം എസ് പാലം, ബേക്കറി ഫ്ലൈഓവർ എന്നിവ ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിയിൽ ഉൾപ്പെടുത്തി. ചരിത്ര പ്രാധാന്യമുള്ള 22 കെട്ടിടങ്ങളുടെ ദീപാലങ്കാരമടക്കം കോടികളുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ അനുകുമാരി, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 
മേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകൾ, നഴ്സറികൾ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും നടത്തും. ഇതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9400055397, info@dtpcthiruvananthapuram.com. അമ്യൂസ്മെന്റ്‌ ട്രേഡ് ഫെയർ, ഭക്ഷ്യമേള, സ്റ്റീംഡ് ഫുഡ് ഔട്ട്‌ലൈറ്റ് എന്നിവയ്ക്കും ഡിടിപിസി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.
സംഘാടക സമിതി 
രൂപീകരിച്ചു
"വസന്തോത്സവം -2024'ന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യരക്ഷാധികാരികളായും മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. എംപിമാരായ എ എ റഹിം, ഡോ. ശശി തരൂർ, അടൂർ പ്രകാശ്  ജില്ലയിലെ എംഎൽഎമാർ എന്നിവർ രക്ഷാധികാരികളാകും. മേയർ ആര്യ രാജേന്ദ്രൻ വർക്കിങ് ചെയർമാനും ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു ജനറൽ കൺവീനറുമാണ്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കലക്ടർ അനുകുമാരി എന്നിവരാണ് സമിതിയുടെ കൺവീനർമാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top