പാറശാല
നൂറുകണക്കിനു ബഹുജനങ്ങൾ അണിനിരന്ന ഉജ്വല പ്രകടനത്തോടെ സിപിഐ എം പാറശാല ഏരിയ സമ്മേളനത്തിന് സമാപനം. ചുവപ്പ് സേനയുടെ വളന്റിയർ മാർച്ചും ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രകടനവും ധനുവച്ചപുരത്തെ ചുവപ്പണിയിച്ചു. ധനുവച്ചപുരം പാർക്ക് ജങ്‌ഷനിൽനിന്ന് ആരംഭിച്ച് ചുവപ്പ് സേനയുടെ പരേഡിൽ കുട്ടികളും സ്ത്രീകളും യുവാക്കളുമടക്കമുള്ളവർ അണിനിരന്നു. പ്രകടനം പാറശാലയിലെ പാർടിയുടെ ശക്തി വിളിച്ചോതുന്നതായി.
ചുവപ്പ് സേനാ മാർച്ചിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (ധനുവച്ചപുരം പഞ്ചായത്ത് ജങ്ഷൻ) നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് അജയകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം സി കെ ഹരീന്ദ്രൻ എംഎൽഎ, സ്വാഗതസംഘം ചെയർമാൻ വി താണുപിള്ള, കടകുളം ശശി, സ്വാഗതസംഘം ജനറൽ കൺവീനർ എൻ എസ് നവനീത്കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഉപഹാരങ്ങൾ മന്ത്രി വിതരണം ചെയ്‌തു.
ജനം മരിച്ചു വീഴുമ്പോഴും കേന്ദ്രം കണ്ണടയ്‌ക്കുന്നു: ബാലഗോപാൽ
പാറശാല
ഭരിക്കുന്നത് ബിജെപി അല്ലെങ്കിൽ ആ നാട്ടിലെ ജനങ്ങൾ മരിച്ചാലും കുഴപ്പമില്ല എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനു പുറമെ, വയനാടിനുള്ള ദുരിതാശ്വാസ സഹായംപോലും നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഐ എം പാറശാല ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (പഞ്ചായത്ത് ജങ്‌ഷൻ, ധനുവച്ചപുരം) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം വലിയ വിഹിതം ചെലവഴിച്ചാണ് വിഴിഞ്ഞം തുറമുഖം അടക്കം യാഥാർഥ്യമാക്കിയത്. കേരളത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
അതിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് ആധുനിക വ്യവസായങ്ങൾ വരും. സംസ്ഥാനത്തിന് അർഹതപ്പെട്ടതിന്റെ പുകതിപോലും കേന്ദ്ര സർക്കാർ നൽകാത്ത സാഹചര്യത്തിലും 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷനും 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സയും അടക്കം സംസ്ഥാന സർക്കാർ നൽകുന്നു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കാരണമായത് 1957ലെ ഇ എം എസ് സർക്കാരിന്റെ കാലംമുതൽ സ്വീകരിച്ച നടപടികളാണ്.
അക്കാര്യങ്ങൾ പറഞ്ഞിരിക്കുകയല്ല, പുതിയ കാലത്തിനനുസരിച്ചുള്ള വികസനനേട്ടങ്ങൾ യാഥാർഥ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ. ആ എൽഡിഎഫിനെ ശക്തിപ്പെടുത്തുക എന്നാൽ കേരളത്തെ ശക്തിപ്പെടുത്തുക എന്നാണ് അർഥമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ആർഎസ്‌എസും എസ്‌ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും വലതുപക്ഷ മാധ്യമങ്ങളും ഉൾപ്പെടുന്ന മഴവിൽ സഖ്യമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..