തിരുവനന്തപുരം
തിരുവനന്തപുരം മൃഗശാലയിലെ ജാൻവി പുലിക്ക് വീണ്ടുമൊരു കൺമണി പിറന്നു. അമ്മയ്‌ക്കും കുഞ്ഞിനും സുഖം. മൃഗശാലയിൽ എത്തിയശേഷം ജാൻവിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തിൽ ആൺകുട്ടിയായിരുന്നു. വിമലെന്നാണ് അവന്റെ പേര്. പുലി കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയതോടെ വിമലിന് ചേട്ടൻ സ്ഥാനവും സ്വന്തമായി.
ജാൻവിക്കൊപ്പം തന്നെയാണ് കുഞ്ഞ്. കണ്ണ് തുറന്നിട്ടില്ല. നിശ്ചിത സമയങ്ങളിൽ അമ്മ പാലൂട്ടുന്നുണ്ട്. പരിപാലനത്തിന് മൃഗപരിപാലകനെയും നിയോഗിച്ചിട്ടുണ്ട്. മൃഗശാലയിലെ ജീവനക്കാരൻ ഹർഷാദ് പാമ്പുകടിയേറ്റ് മരിച്ച ദിവസം രാവിലെയാണ് ജാൻവിയുടെ പ്രസവം. 12 വയസ്സുണ്ടിവൾക്ക്. 2016ൽ വയനാട് പെരുന്തട്ടയിലെ എസ്‌റ്റേറ്റ് പരിസരത്ത് വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയതാണിവൾ. ഇവിടെ നിന്നുമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഒരാഴ്‌ച ഇവിടെ ചികിത്സയിലായിരുന്നു. ജാൻവിയെന്ന പേര് ലഭിച്ചതും ഇവിടെ വച്ചാണ്.
പുതിയ അതിഥി കൂടി എത്തിയതോടെ പുലികളുടെ അംഗസംഖ്യ ഏഴായി. നിലവിൽ പെൺപുലികളായി ജാൻവിയും സാരംഗിയും ആൺപുലികളായി ഷുക്കൂർ, വിമൽ, രാമു, ഗണേശ് എന്നിവരുമുണ്ട്. ഇരുപത്തിരണ്ടുകാരനായ രാമുവാണ് ‘സീനിയർ’. വിമലിന് ആ പേര് ലഭിച്ചതിൽ മറ്റൊരു കഥയുമുണ്ട്.
ആദ്യ പ്രസവത്തിൽ ജാൻവിയുടെ ‘കാര്യങ്ങൾ’ നോക്കിയിരുന്നത് വിമലൻ എന്ന മൃഗപരിപാലകനായിരുന്നു. അതിന്റെ നന്ദിസൂചകമായിട്ടാണ് വിമൽ എന്ന പേരിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..