നേമം
ഓണത്തിന് പൂക്കളുടെ വിരുന്നൊരുക്കി കല്ലിയൂർ. വിവിധ വാർഡുകളിലായി 20 ഏക്കറിലാണ് പൂക്കളും പച്ചക്കറികളും കൃഷിചെയ്തത്. കല്ലിയൂർ കൃഷിഭവന്റെ ഫാം ടൂറിസം സംരംഭക മേഖലയിലേക്കുള്ള ചുവടുവയ്പുകൂടിയാണ് പൂത്തുലഞ്ഞ ചെണ്ടുമല്ലി പാടങ്ങൾ. പൂന്തോട്ടം കാണാനും സെൽഫിയെടുക്കാനും സൗകര്യമൊരുക്കി സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുകയാണ് കല്ലിയൂർ പഞ്ചായത്ത്.
താമരപ്പൊയ്ക, ജൈവ പഴം പച്ചക്കറികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, പച്ചക്കറി തൈകൾ, പൂച്ചെടികൾ, കുളവാഴയിൽനിന്നുള്ള കരകൗശല വസ്തുക്കൾ, ചില്ലുപാത്രത്തിലെ കുഞ്ഞൻ ഉദ്യാനങ്ങൾ, അത്തപ്പൂക്കളം കിറ്റ് എന്നിവയും കാണാം. വാങ്ങാനും അവസരമുണ്ട്. കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഉണ്ടാകും. പെരിങ്ങമ്മലയിൽ മാത്രം രണ്ട് ഏക്കറിലാണ് പൂക്കളും പച്ചക്കറിയും കൃഷിചെയ്തിരിക്കുന്നത്.
പഞ്ചായത്തിലെ ചെറുകിട പൂക്കർഷകരിൽനിന്നുൾപ്പെടെ പൂവുകൾ ശേഖരിച്ചാണ് അത്തപ്പൂക്കളത്തിനായുള്ള കിറ്റ് വിതരണം ചെയ്യുന്നത്. കുറഞ്ഞ വിലയ്‌ക്ക് നൽകുന്ന കിറ്റിൽ അഞ്ചിനംപൂക്കൾ ഉണ്ടാകും. പെരിങ്ങമ്മലയിലെ പ്രദർശനം ഉത്രാടം നാൾവരെ നീളും. ത്രിതല പഞ്ചായത്ത്, കൃഷിവകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് പൂവനി പദ്ധതി നടപ്പാക്കുന്നത്.
വസന്തം വിരിയും കല്ലിയൂർ പദ്ധതി മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനംചെയ്‌തു. എം വിൻസെന്റ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം സോമശേഖരൻ നായർ, എൽ ശാന്തിമതി, എസ് അനിൽ കുമാർ, ഭഗത്റൂഫസ്, സ്വപ്ന തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..