06 October Sunday
ഹൈട്ടെക്കായി പൊതുവിദ്യാലയങ്ങള്‍

വികസന നിറവിൽ 
ശ്രീകാര്യം ജിഎച്ച്‌എസ്‌

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024

കഴക്കൂട്ടം

മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന്‌ കരുത്തായി ശ്രീകാര്യം ഗവ. ഹൈസ്‌കൂളിൽ  പുതിയ ഹൈടെക് കെട്ടിട സമുച്ചയവും സ്‌മാർട്ട്‌ ക്ലാസ്‌ മുറികളും നാടിന്‌ സമർപ്പിച്ചു. 
ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ ഉത്സവലഹരിയിൽ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു.  10.51 കോടി രൂപ വിനിയോഗിച്ചാണ്‌ ഹൈടെക്‌ കെട്ടിട സമുച്ചയം ഒരുക്കിയത്‌. ഉദ്‌ഘാടനശേഷം ക്ലാസ് മുറികൾ മുഖ്യമന്ത്രി സന്ദർശിച്ചു.  
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പാക്കിയതെന്ന്‌ മന്ത്രി പറഞ്ഞു. ഒരു ദശാബ്ദത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികൾക്ക് ലഭ്യമാക്കി.  വിദ്യാഭ്യാസ രംഗത്ത്‌  നാം രാജ്യത്ത് പ്രഥമ ശ്രേണിയിലാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. എ എ റഹിം എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ, കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത്‌, എസ്‌സിഇആർടി ഡയറക്‌ടർ ആർ കെ ജയപ്രകാശ്‌, പ്രധാനാധ്യാപിക വി എസ്‌ സിന്ധു, മേടയിൽ വിക്രമൻ, ശരണ്യ, ഡി രമേശൻ, സ്റ്റാൻലി ഡിക്രൂസ്, എൽ എസ് സാജു, എം ബിനു, ഗോപകുമാർ, ബി നാജ, ശ്രീദേവി, ജിഷജോൺ, മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംസാരിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സ്വാഗതം പറഞ്ഞു. 
കല്ലമ്പലം മാവിൻമൂട് മുള്ളറംകോട് ഗവ. എൽപിഎസിലെ പുതിയ മന്ദിരവും യാഥാര്‍ഥ്യമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top