22 December Sunday
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് കുരുന്നുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

വിഴിഞ്ഞം ഹാർബർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ സമ്പാദ്യക്കുടുക്കയിലെ തുക വയനാടിനായി മുഖ്യമന്ത്രി 
പിണറായി വിജയന് കൈമാറുന്നു

തിരുവനന്തപുരം
വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം ജില്ലയിൽ അണിചേർന്ന് നിരവധിപേർ. വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നര വയസ്സുകാരി ശിവാം​ഗി എ പ്രവീൺ. പേയാട് സ്വദേശികളായ പ്രവീൺ-–- അരുണ ദമ്പതികളുടെ മകളാണ് എൽകെജി വിദ്യാർഥിനിയായ ശിവാം​ഗി. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട ശിവാം​ഗി, തന്റെ കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകണമെന്ന് അച്ഛനോട്‌  ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്‌ തുക സിഎംഡിആർഎഫിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു. കളിപ്പാട്ടം വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ശിവാം​ഗിയെ കലക്ടർ അനുകുമാരി അനുമോദിച്ചു.
കരകുളം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സെയ്ദ് അലി തന്റെ ഒരുദിവസത്തെ ലോട്ടറി വിൽപ്പനയിലൂടെ സമാഹരിച്ച 10,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്. അരുവിക്കര ജിഎച്ച്എസ്എസിലെ 1997 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയെ പ്രതിനിധാനംചെയ്‌ത്‌ സംഘാംഗം ജയകൃഷ്ണൻ 11,500 രൂപ കലക്ടർ അനുകുമാരിക്ക്‌ കൈമാറി. ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല 55,555 രൂപയും സിഎംഡിആർഎഫിലേക്ക് നൽകി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം സതീഷ് കുമാർ, സെക്രട്ടറി സി എസ് രാജേഷ് ബാബു, ട്രഷറർ സി എൽ സുനിൽ കുമാർ എന്നിവർ ചേർന്ന് ചെക്ക് കലക്ടർക്ക് കൈമാറി.
കോവളം
വയനാട്ടിലെ കരളലിയിക്കുന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ വിഴിഞ്ഞത്തെ കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി അധ്യാപകരോടൊപ്പമെത്തി  മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ നൽകി. വിഴിഞ്ഞം ഹാർബർ ഗവ. ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർഥികളാണ് സമ്പാദ്യക്കുടുക്കയിലെ  മുഴുവൻ തുകയും നൽകിയത്‌. വിഷുവിനു ലഭിച്ച കൈനീട്ടവും ജന്മദിനത്തിനു ലഭിച്ച തുകയുള്‍പ്പെടെയാണ് കൈമാറിയത്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ചേർന്ന് സമാഹരിച്ച 75,000 രൂപയാണ് വയനാടിനായി നൽകിയത്‌. ഹെഡ്മാസ്റ്റർ എച്ച് ഡി  ബൈജു, എസ്എംസി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പിടിഎ പ്രസിഡന്റ്‌ അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ടി എസ് ജോലാൽ, അധ്യാപകൻ പി സക്കറിയ എന്നിവര്‍ക്കൊപ്പമാണ്‌ എത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top