22 December Sunday

ഓണത്തിന് എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
തിരുവനന്തപുരം 
ഓണത്തിന് വ്യാജമദ്യ വിൽപ്പനയ്ക്ക് തടയിടാൻ എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സമെന്റ് ഡ്രൈവ് ആരംഭിച്ചു. 20ന് രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ്. എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലയെ രണ്ട് മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകൾ രൂപീകരിച്ചു. 
നെയ്യാറ്റിൻകര, ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റിലും ഒരു എക്‌സൈസ് ഇൻസ്‌പെക്ടർ/അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എന്നിവരാണ് ഉള്ളത്. 24 മണിക്കൂറും ജില്ലാതല കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗത്തിൽ വിലയിരുത്തി. ലഹരി ഉൽപ്പന്നങ്ങളുടെ പരിശോധനകൾ ശക്തമാക്കി. പൊലീസ്/ഫോറസ്റ്റ്/കോസ്റ്റ് ഗാർഡ്/മറൈൻ/ജിഎസ്ടി എന്നീ എൻഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധനകൾ നടത്തുന്നതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മീണർ ആർ അജയ് അറിയിച്ചു. 
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌ ടി കെ വിനീത് അധ്യക്ഷനായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ റാണി, വിവിധ സർക്കിളുകളിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാർ, പൊലീസ്, നർകോട്ടിക്സ്‌, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
8 മാസത്തില്‍ 
843 അബ്കാരി കേസ്
എട്ട് മാസത്തിനിടെ തിരുവനന്തപുരം ഡിവിഷനിൽ രജിസ്റ്റർ ചെയ്‌തത് 843 അബ്കാരി കേസ്. കൂടാതെ 2023 ഡിസംബർ മുതൽ ആ​ഗസ്‌ത്‌ വരെ 312 എൻഡിപിഎസ് കേസുകളും 6582 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 729 അറസ്റ്റും എൻഡിപിഎസ് കേസുകൾ 300 അറസ്റ്റും രേഖപ്പെടുത്തി. വിവിധ പരിശോധനകളിൽ 88.356 ഗ്രാം എംഡിഎംഎ, 443.532 കിലോ കഞ്ചാവ്, 12.169 ഗ്രാം ബ്രൗൺ ഷുഗർ, 8.098 ഗ്രാം നാർകോട്ടിക് ടാബ്‌ലറ്റ്, 29 കഞ്ചാവ് ചെടി, 2248.350 ലിറ്റർ ഐഎംഎഫ്എൽ, 188.05 ലിറ്റർ വ്യാജ ഐഎംഎഫ്എൽ, 2622.315 കിലോഗ്രാം വിവിധ ഇനത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ, 69.7 ലിറ്റർ ബിയർ, 10,219 ലിറ്റർ കോട, 29 ലക്ഷം കുഴൽപ്പണം എന്നിവ പിടിച്ചെടുത്തു. 90 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗത്തിനെതിരെ സ്‌കൂൾതലത്തിൽ 1381, കോളേജുതലത്തിൽ 135, തീരദേശമേഖലകളിൽ 9, ട്രൈബൽ മേഖലയിൽ 58 എന്നിങ്ങനെ ആകെ 2146 ബോധവൽക്കരണ പരിപാടികളും നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top