21 December Saturday

ഓണം കൈപ്പിടിയിലൊതുങ്ങും 
ചന്തകൾ സജ്ജം

സ്വന്തം ലേഖികUpdated: Saturday Sep 7, 2024
തിരുവനന്തപുരം 
ഓണാഘോഷം കൈപ്പിടിയിൽ ഒതുക്കാൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി സർക്കാരിന്റെ നേതൃത്വത്തിൽ ചന്തകളും മേളകളും. വ്യാഴം മുതൽ സപ്ലൈകോയുടെ സംസ്ഥാന ചന്തയും ഓരോ നിയോജക മണ്ഡലത്തിൽ ഓരോന്നുവീതവും പ്രവർത്തിക്കും. 13 ഇനം സബ്സിഡി സാധനത്തിന്‌ പുറമെ ശബരി ഉൽപ്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉൽപ്പന്നങ്ങൾ, മിൽമ, കൈത്തറി ഉൽപ്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും.ഇതിനുപുറമെ പ്രമുഖ ബ്രാന്റുകളുടെ 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്കും വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉൽപ്പന്നങ്ങളുടെ കിറ്റ്‌ 189 രൂപയ്ക്കും ശബരി ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറിലും ലഭ്യമാക്കും. പകൽ രണ്ടുമുതൽ നാല്‌ വരെ ഡീപ്‌ അവർ ഓഫറുകളുമുണ്ട്‌. ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ എന്നിവയും സപ്ലൈകോയുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. പുത്തരിക്കണ്ടം മൈതാനത്താണ്‌ സംസ്ഥാനവിപണന മേള. ഉത്രാടദിനം വരെ ചന്തകൾ പ്രവർത്തിക്കും. കൺസ്യൂമർഫെഡിന്റെ 136 ഓണവിപണി ജില്ലയിൽ വെള്ളിയാഴ്‌ച ആരംഭിക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ചന്തകൾ. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യും. 122 വിപണികൾ സഹകരണ സംഘത്തിന്റേതും 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്‌. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ സ്റ്റേഷനറി, കോസ്മറ്റിക്സ് സാധനങ്ങളും ഓഫറിൽ ലഭ്യമാക്കും. കുടുംബശ്രീയുടെ സഹകരണത്തോടെ കുറഞ്ഞ വിലയിൽ നാടൻ പച്ചക്കറികളും ചന്തകളിൽ സജ്ജമാക്കും. 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. ജൈവപച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഫെയറുകളിലുണ്ടാകും. 14 വരെയാണ്‌ ചന്തകൾ നടക്കുക.
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി ജില്ലയിൽ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് ചൊവ്വാഴ്‌ച തുടക്കമാകും. ഒരു ജില്ലാ ചന്തയും ഓരോ സിഡിഎസിലും രണ്ട്‌ വീതം ചന്തകളും പ്രവർത്തിക്കും. ഇതിന്‌ പുറമേ കൈത്തറി, ഖാദി മേളകളുമുണ്ട്‌. ഇതരസംസ്ഥാന തുണിത്തരങ്ങൾക്കായി പ്രത്യേക വിൽപ്പനശാലകളുമുണ്ട്‌.
കനകക്കുന്ന്‌ സൂര്യകാന്തി ഗ്രൗണ്ടിൽ കൈത്തറി മേള, ഖാദി ഗ്രാമദ്യോഗ്‌ ഭവനിൽ ഖാദി സിൽക്ക്‌ മേള, വൈഎംസിഎ ഹാളിൽ രംഗ്‌മഹൽ വസ്ത്രമേള, ഹാന്റക്‌സ്‌ മേള, അയ്യൻകാളി ഹാളിൽ ഓണം പ്രദർശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്‌. ഇവയെല്ലാം 14 വരെ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top