23 December Monday
അമീബിക് മസ്തിഷ്‌ക ജ്വരം

പിസിആർ ടെസ്റ്റ് പബ്ലിക് 
ഹെൽത്ത് ലാബിൽ ആരംഭിക്കും

സ്വന്തം ലേഖികUpdated: Monday Oct 7, 2024
 
തിരുവനന്തപുരം
ജില്ലയിൽ ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട്‌ റിപ്പോർട്ട് ചെയ്തത്‌ 16 കേസുകൾ. ഇതിൽ ആദ്യ രോഗി മരിച്ചു. തുടർന്ന് അടിയന്തര  പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി തുടർനടപടികൾ സ്വീകരിച്ച്‌ കണ്ടെത്തിയ 10 രോഗികൾക്കും രോഗം ഭേദമായി.
 അഞ്ചുപേർ  ചികിത്സയിലുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കാനുള്ള പിസിആർ ടെസ്റ്റ് പബ്ലിക് ഹെൽത്ത് ലാബിൽ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചു. രോഗം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിച്ചിരുന്നു. ഡിഎംഒയുടെ നേതൃത്വത്തിൽ ദ്രുത കർമ സേനയും സ്ഥിതിഗതികൾ വിലയിരുത്തി. രോഗം റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകന യോഗങ്ങളും ചെയ്യുന്നുണ്ട്‌. 
പൊതു നീന്തൽക്കുളങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും  നിർദേശങ്ങൾ നൽകി. ആരോഗ്യവകുപ്പിന്റെ മാനദണ്ഡമനുസരിച്ച്‌  മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധനയും നടത്തുന്നുണ്ട്‌. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസഫലൈറ്റിസ് ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാവുക. മൂക്കിനെയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന്‌ രോഗം ഉണ്ടാക്കുന്നത്. 
97 ശതമാനത്തിലധികം മരണനിരക്കുണ്ടെങ്കിലും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ ദിവസങ്ങൾ മുതൽ  മാസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക, നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top