23 November Saturday

വാക്കുപാലിച്ച്‌ സൂര്യ; പിള്ളേർ ഹാപ്പി

സ്വന്തം ലേഖികUpdated: Thursday Nov 7, 2024

താനാ സേർന്ത കൂട്ടം... അയൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ​ഗാനരം​ഗം പുനഃസൃഷ്ടിച്ച് വൈറലായ രാജാജി ന​ഗറിലെ ഡാൻസ് ​ഗ്രൂപ്പിനെ നടൻ സൂര്യ അനുമോദിക്കുന്നു
 ഫോട്ടോ: നിലിയ വേണു​ഗോപാൽ

തിരുവനന്തപുരം 
ആയിരങ്ങളുടെ ആരവത്തിൽ പ്രിയതാരം കടന്നുവരുന്നു, ഇനിയും വിശ്വസിക്കാനാകാത്ത ഒരു കൂടിക്കാഴ്ച. "നിങ്ങളെ കാണാൻ ഞാനെത്തും, ഇപ്പോൾ സുരക്ഷിതരായിരിക്കുക' 2021ൽ കോവിഡ്‌ കാലത്ത്‌ തന്റെ ആരാധകരായ രാജാജി നഗറിലെ കുട്ടികളോട്‌  പറഞ്ഞ വാക്കാണ്‌ സൂര്യ പാലിച്ചത്‌. 
സൂര്യയുടെ അയൻ സിനിമയിലെ "പല പലക്കറെ പകലാ നീ, പട പടക്കറെ അകലാ നീ അനൽ അടിക്കിറെ തുകിലാ നീ നകിലിൻ നകിലാ നീ' എന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ പുനരാവിഷ്‌കരിച രാജാജി നഗറിലെ 12അംഗ സംഘത്തിന്‌  ഇത്‌ സ്വപ്നസാഫല്യം. അഭി, സ്മിത്ത്, ജോബിൻ, സിബിൻ, അജയ്, ജോജി, കാർത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖിൽ എന്നിവരാണ്‌ അന്നത്തെ വീഡിയോയിൽ അഭിനയിച്ചത്.
മൂന്നുവർഷത്തിനുശേഷം തന്റെ ഏറ്റവും പുതിയ ചിത്രം കങ്കുവയുടെ പ്രചാരണത്തിനായി തലസ്ഥാനത്തെത്തിയ സൂര്യയുടെ മുന്നിൽ അതേ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ്‌ അവർ. അന്ന്‌ സ്കൂൾ കുട്ടികൾ ആയിരുന്നുവെങ്കിൽ ഇന്നിപ്പോൾ യുവാക്കളാണ്‌ ഇവർ. സിനിമയിലെ അതേ രംഗങ്ങൾ പുനരാവിഷ്‌കരിച്ചാണ്‌ അവർ വൈറലായത്‌. തുടർന്ന്‌ അഭിനന്ദനം അറിയിച്ച്‌ സൂര്യതന്നെ മുന്നോട്ടു വന്നിരുന്നു. നിശാഗന്ധിയിൽ  നൃത്താവതരണത്തിനുശേഷം സദസ്സിൽനിന്ന്‌ വേദിയിലേക്ക്‌ ഓടിയെത്തി സൂര്യ കുട്ടികളെ ആശ്ലേഷിച്ചു. സെൽഫിയും ഫോട്ടോയുമൊക്കെ എടുത്ത്‌ അങ്ങനെ "ചെങ്കൽച്ചുള്ള ബോയ്‌സ്‌' വർഷങ്ങളുടെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു.
തിരുവനന്തപുരം തനിക്ക്‌ പ്രിയപ്പെട്ട ഇടമാണെന്നും ഈ മണ്ണിൽനിന്ന്‌ ലഭിച്ച സ്‌നേഹം വളരെ വലുതാണെന്നും സൂര്യ പറഞ്ഞു. 14നാണ്‌ കങ്കുവ റിലീസ്‌. 
ആരാധകരാണ്‌ തന്റെ വളർച്ചയ്ക്കുപിന്നിൽ. രണ്ടുവർഷമായുള്ള കഷ്‌ടപ്പാടാണ്‌ കങ്കുവ. അതാണ്‌ ഉടൻ തിയറ്ററുകളിലെത്തുന്നത്‌. 700 വർഷം മുമ്പുള്ള ജീവിതമാണ്‌ ചിത്രം കാണിക്കുന്നതെന്നും സൂര്യ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിർമാതാവ്‌ ഗോകുലം ഗോപാലൻ, അണിയറ പ്രവർത്തകർ തുടങ്ങിയവരും  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top