17 September Tuesday

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചൊവ്വാഴ്ച

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

 തിരുവനന്തപുരം

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസിന്‌ സ്വന്തം കെട്ടിടമാകുന്നു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നിർമിച്ച പുതിയ ഓഫീസ്‌ കെട്ടിടം ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി രൂപീകരണത്തിനിപ്പുറം 20 വർഷത്തിനുശേഷമാണ് ഓഫീസ് ഒരുങ്ങിയത്.   കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് നിർധനരായ 11 കുടുംബങ്ങൾക്കായി സിപിഐ എം നിർമിച്ച വീടുകളുടെ താക്കോൽകൈമാറ്റവും നടക്കും. തലോടൽ ഭവനങ്ങൾ എന്ന പേരിലാണ്‌ പത്ത്‌ ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റിയും ഓരോ വീടുകൾ നിർമിച്ചത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടുകളുടെ താക്കോൽ കൈമാറും. ഏരിയ കമ്മിറ്റി ഓഫീസിലെ ‘സ. കോടിയേരി ബാലകൃഷ്‌ണൻ ഹാൾ’ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഏരിയ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ചുള്ള പി കൃഷ്‌ണപിള്ള ലൈബ്രറി, പഠന ഗവേഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. സ്‌റ്റുഡിയോയും മീഡിയാ റൂമും ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. ജനസേവന കേന്ദ്രം മന്ത്രി വി ശിവൻകുട്ടി ജനങ്ങൾക്കായി തുറന്നു നൽകും. ഇ കെ നായനാരുടെ ചിത്രം സംസ്ഥാന കമ്മിറ്റിയംഗം  ടി എൻ സീമ അനാച്ഛാദനം ചെയ്യും. 
പാർടി അംഗങ്ങളിൽനിന്നും ബഹുജനങ്ങളിൽനിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഏരിയ കമ്മിറ്റി ഓഫീസും വീടുകളും നിർമിച്ചത്. വീടുകളുടെ നിർമാണ വേളയിൽ സിമന്റും കട്ടയും അടക്കമുള്ള നിർമാണ വസ്‌തുക്കൾ നിരവധിപേർ സംഭാവന നൽകി. 
ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നേരത്തെ നാലുവീടുകൾ നിർമിച്ച് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 11 വീട് നൽകുന്നത്‌. 
നിർധനരായ രോഗികൾ, അച്ഛനമ്മമാരെ നഷ്‌ടമായ കുട്ടികൾ, പങ്കാളികളെ നഷ്ടമായവർ തുടങ്ങി ഏറ്റവും അർഹരായ 11 കുടുംബങ്ങൾക്കാണ്‌ ഓണസമ്മാനമായി വീട്‌ ലഭിക്കുകയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, ജില്ലാകമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ, നിർമാണ കമ്മിറ്റി കൺവീനർ എസ്‌ അജിത്, എ ജെ സുക്കാർണോ, വണ്ടിത്തടം മധു എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top