തിരുവനന്തപുരം
പകലും രാത്രിയും വ്യത്യസ്തമായ യാത്രാ അനുഭവം സമ്മാനിച്ച് ബേക്കറി ജങ്ഷൻ മേൽപ്പാലത്തിന് കീഴിൽക്കൂടെയുള്ള യാത്ര. പാലത്തിന്റെ തൂണുകളിൽ നിറഞ്ഞിരിക്കുന്ന മണ്ഡേല വരകൾ പകലത്തെ യാത്രയെ ആസ്വാദ്യകരമാക്കുമ്പോൾ മിന്നിച്ചിമ്മുന്ന ലൈറ്റുകളാണ് രാത്രിയിലെ പ്രത്യേകത. ബേക്കറി ജങ്‌ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോർപറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം പൂർത്തീകരിച്ചത്. സംസ്ഥാനത്ത് രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. നഗരത്തിൽ ബേക്കറി മേൽപ്പാലത്തിന് പുറമെ ചാക്ക, പാളയം എന്നീ മൂന്ന് പ്രധാന മേൽപ്പാലങ്ങളും ദീപാലംകൃതമാക്കാനാണ് തീരുമാനം. വിശേഷ ദിവസങ്ങളിലെ "തീമിന്' അനുയോജ്യമായി വിളക്കുകൾ തെളിയിക്കാനായി സോഫ്‌റ്റ്‌വെയറും തയ്യാറായി. കെല്ലിന്റെ നേതൃത്വത്തിലാണ് വിളക്കുകളുടെ നിർമാണം. ബേക്കറി ജങ്ഷനിലെ പാലത്തിന് താഴെ ഓപ്പൺ ജിമ്മും ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. നിർമിതികേന്ദ്രയുടെ മേൽനോട്ടത്തിലാണ് ഇവയുടെ നിർമാണം. ഹോഡോഫൈൽ എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് മണ്ഡേലവരകൾക്ക് പിന്നിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..