തിരുവനന്തപുരം
മുതലപ്പൊഴിയെ സ്മാർട്ട് ആൻഡ് ഗ്രീൻ ഹാർബറായി ഉയർത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാന ന്യൂനപക്ഷ കമീഷനെ അറിയിച്ചു. 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ടെൻഡർ നടപടി സ്വീകരിച്ച് മൂന്നു മാസത്തിനകം പ്രവൃത്തി ആരംഭിച്ച് 18 മാസത്തിനകം പൂർത്തീകരിക്കാൻ നടപടിയെടുക്കുമെന്ന് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമീഷനെ അറിയിച്ചു.
കമീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്ന സിറ്റിങ്ങിൽ അധ്യക്ഷൻ എ എ റഷീദ് ഹർജികൾ പരിഗണിച്ചു.
അദാനി പോർട്ട്‌സ് ലോഡ് ഔട്ട് ഫെസിലിറ്റി നിർമിക്കാനായി മുറിച്ച തെക്കേ പുലിമുട്ടിന്റെ ഭാഗം പൂർവസ്ഥിതിയിലാക്കുന്നത് പൂർത്തീകരണ ഘട്ടത്തിലാണ്. നവംബറിൽത്തന്നെ പൂർത്തീകരിക്കുമെന്നും അദാനി തുറമുഖത്തിന് പൂർത്തീകരിക്കാനാത്ത ഡ്രഡ്ജിങ് പ്രവൃത്തി വകുപ്പ് മുഖേന നടപ്പാക്കും. അതിന്റെ ചെലവ് അദാനി പോർട്ട്‌സ് വഹിക്കുന്നതിനുള്ള 2.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
പ്രവൃത്തി ടെൻഡർ ചെയ്യുന്നതിനായി ഫണ്ട് ഡിപ്പോസിറ്റ് ചെയ്യുന്നതിന് അദാനി പോർട്ട്‌സിന് നിർദേശം നൽകിയെന്നും വകുപ്പ് സെക്രട്ടറി കമീഷനെ അറിയിച്ചു. വിവിധ കേസുകളും വ്യാഴാഴ്ചത്തെ സിറ്റിങ്ങിൽ പരിഗണിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..