സ്വന്തം ലേഖകൻ
കോവളം
കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ സാൻഡി ബീച്ച് ആയുർവേദിക് ഹോട്ടലിൽ തീപിടിത്തം. തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ രതീഷി (35)ന്റെ കാലിന് പരിക്കേറ്റു. വ്യാഴം പകൽ രണ്ടരയോടെയാണ് സംഭവം. ഉടൻ ഇവിടെ താമസിച്ചിരുന്ന വിദേശികളെ ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയുടെ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി.
തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് സമീപത്തേക്ക് ഫയർ എൻജിൻ വാഹനം എത്താൻ സാധിക്കാത്തത് വെല്ലുവിളിയായി. തുടർന്ന് അടുത്തുള്ള കെട്ടിടങ്ങളിലെ പമ്പ് ഉപയോഗിച്ചാണ് തീയണച്ചത്. സജിത്ത് കുമാർ എന്നയാൾ വാടകയ്ക്ക് നടത്തുന്ന ഹോട്ടലിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക യോഗമുറി കത്തുകയായിരുന്നു. ഇവിടെ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെ തീ പർടന്നതാകാമെന്ന് കരുതുന്നു.
മുറിയിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ, കുഷ്യൻ സെറ്റുകൾ തുടങ്ങിയവ കത്തിനശിച്ചു. ഇതേ റൂമിൽ ഗ്യാസ്, ഒരു കന്നാസ് പെട്രോൾ എന്നിവ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഇവ വേഗത്തിൽ നീക്കി. പരിക്കേറ്റ രതീഷിന് പ്രാഥമിക ചികിത്സ നൽകി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ സി ഏംഗൽസ്, എസ് പ്രദീപ് കുമാർ, ജെ സന്തോഷ് കുമാർ, ജി രാജീവ്, ആർ രതീഷ്, കെ എസ് ഹരി കൃഷ്ണൻ, എസ് സുരേഷ്, എസ് സെൽവ്വകുമാർ, സുനിൽകുമാർ എന്നിവരെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..