17 September Tuesday

ഈ റോഡ് സൂപ്പർ സ്മാർട്ടാ...!

സ്വന്തം ലേഖകൻUpdated: Friday Aug 9, 2024

നിർമാണത്തിന്റെ അവസാനഘട്ടത്തിലെത്തിയ വഴുതക്കാട് വനിതാ കോളേജ് റോഡ്

തിരുവനന്തപുരം 
"ഇത് സ്മാർട്ട് റോഡല്ല...സൂപ്പർ സ്മാർട്ടാ..  ഇപ്പോൾ ഇങ്ങനെയാണെങ്കിൽ റോഡ് പൂർത്തിയാകുമ്പോൾ എന്തായിരിക്കും നിലവാരം'–--  ആൽത്തറമുതൽ ചെന്തിട്ടവരെ നാലുവരിയായി നിർമിക്കുന്ന സി വി രാമൻ പിള്ള റോഡു കണ്ട് തൈക്കാട് വനിതാ കോളേജിലെ വിദ്യാർഥിനികൾ ചോദിക്കുകയാണ്. 
റോഡിലെ വൈദ്യുതി കേബിളുകളെല്ലാം ഭൂമിക്കടിയിൽ സ്ഥാപിച്ചു കഴിഞ്ഞു. മനോഹരമായ മീഡിയനുകളും നിർമിച്ചു. കോളേജിന് സമീപത്തെ ആനി മസ്ക്രീൻ ജങ്ഷൻ സൗന്ദര്യവൽക്കരിക്കുന്ന പ്രവൃത്തികളും നടക്കുകയാണ്. റോഡ് ​ഗതാ​ഗതത്തെ ബാധിക്കാത്ത രീതിയിലാണ് നിർമാണം. ഇരുവശവും മനോഹരമായ കൈവരികളും നിർമിച്ചു. 
ഇനി നടപ്പാതകളിൽ മനോഹരമായ തറയോടുകൾ കൂടി സ്ഥാപിക്കുന്നതോടെ റോ‍ഡ് അടിമുടി മാറും. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറമുതൽ തൈക്കാട് ഗസ്റ്റ് ഹൗസുവരെ നടപ്പാതയോടുചേർന്ന് സൈക്കിൾ ട്രാക്കും നിർമിക്കും. 
 ഓണത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കി റോഡ് നാടിന് സമർപ്പിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്  നിർമിക്കുന്നത്.
2 റോഡുകളിൽ 
ഈ ആഴ്ച ടാറിങ് 
ഒരു കിലോമീറ്റർ നീളത്തിലുള്ള കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിലെ ശേഷിക്കുന്ന ഭാ​ഗത്തും ഫോറസ്റ്റ് ഓഫീസ്– ബേക്കറി ജങ്ഷൻ റോഡിലും ഈ ആഴ്ച ആദ്യഘട്ട ടാറിങ് ആരംഭിക്കും.
 

വിഴിഞ്ഞം–നാവായിക്കുളം  ഔട്ടർ റിങ് റോഡ് ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും

തിരുവനന്തപുരം
വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്‌ നിർമാണത്തിനായി  1629 കോടിയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ സ്ഥലമേറ്റെടുക്കൽ നടപടി അതിവേ​ഗം ആരംഭിക്കും. ആകെ 282 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 
നാവായിക്കുളം, കുടവൂർ, കരവാരം, വെള്ളല്ലൂർ, നഗരൂർ, കൊടുവഴന്നൂർ, കിളിമാനൂർ, പുളിമാത്ത്, വാമനപുരം, പുല്ലമ്പാറ, മാണിക്കൽ, തേക്കട, വട്ടപ്പാറ, വെമ്പായം, കോലിയക്കോട്, നെടുമങ്ങാട്, കരകുളം, അരുവിക്കര, അണ്ടൂർക്കോണം, വെയിലൂർ, വിളപ്പിൽ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതിൽ 13 വില്ലേജുകളിൽനിന്നുള്ള ഭൂമിയേറ്റെടുക്കലിനുള്ള 3 ഡി വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കിയിരുന്നു. ബാക്കിയുള്ള വില്ലേജുകളിലെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പാത അവസാനിക്കുന്ന നാവായിക്കുളത്ത് ജങ്ഷൻ വികസിപ്പിക്കുന്നതിനാൽ അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. 
പിന്നാലെ ടെൻഡർ നടപടികളും ആരംഭിക്കും. തേക്കട മുതൽ വിഴിഞ്ഞം (33.40 കിലോമീറ്റർ), നാവായിക്കുളം മുതൽ -തേക്കട (29.25 കിലോ മീറ്റർ) എന്നിങ്ങനെ രണ്ട് റീച്ചുകളായാണ് ടെൻഡർ നൽകുക. പ്രധാന പാതയ്‌ക്കും 30 മീറ്ററും സർവീസ് റോഡുകൂടി ചേർത്ത് 45 മീറ്ററുമാകും ആകെ വീതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top