ചിറയിൻകീഴ്
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കുന്ന വിദ്യാർഥി സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായ പി ആർ നവനീത് കൃഷ്‌ണയാണ് കത്തെഴുതിയത്. സെപ്തംബർ രണ്ടിന് വൈകിട്ടായിരുന്നു അപകടം. ബസ് റോഡിലെ കുഴിയിൽ വീണപ്പോൾ പിൻവശത്തെ ചില്ലിലിടിച്ച്, ചില്ല് തകർന്ന് നവനീത് കൃഷ്‌ണ റോഡിൽ തെറിച്ച് വീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ബസിന്റെ പിറകുവശത്തെ ഗ്ലാസിനു സമീപം സുരക്ഷാകമ്പി സ്ഥാപിക്കാത്തതിനാലാണ് കുഴിയിൽ വീണപ്പോൾ തെറിച്ച് വീണതെന്ന് നവനീത് കൃഷ്‌ണ കത്തിൽ പറയുന്നു. ബസ് യാത്ര ആരംഭിക്കും മുമ്പ് സുരക്ഷാ പരിശോധന ജീവനക്കാർ നടത്തണം. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രയ്‌ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ സെക്രട്ടറി എസ് പ്രവീൺചന്ദ്രയുടെ മകനാണ് നവനീത് കൃഷ്‌ണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..