വർക്കല
കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് 40 വർഷവും ആറ് മാസവും തടവും 2.35 ലക്ഷം രൂപ വീതം പിഴയും.നെടുങ്ങണ്ട ഒന്നാം പാലം തോണ്ടയിൽ വീട്ടിൽ ഷാജഹാൻ (45), വെട്ടൂർ കടപ്പുറം കൂട്ടിൽ വീട്ടിൽ നൗഷാദ് (പൊടി– -46), നെടുങ്ങണ്ട ഊരാംതാഴെ വീട്ടിൽ ജോതി (50), കീഴറ്റിങ്ങൽ പെരുംകുളം ലക്ഷം വീട്ടിൽ റഹീം (51) എന്നിവരെയാണ് വർക്കല അതിവേഗ കോടതി ജഡ്ജി എസ് ആർ സിനി ശിക്ഷിച്ചത്. വർക്കല അഞ്ചുതെങ്ങ് സ്വദേശിനിയെ 18 വർഷം മുമ്പ് പീഡിപ്പിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ അധികതടവും അനുഭവിക്കണം.മൂന്നാം പ്രതി ഉണ്ണി വിചാരണയ്‌ക്കിടെ മരിച്ചു. അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നിൽ വീട്ടിൽ ഷിജു(42)വിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പിഴത്തുകയിൽനിന്ന് രണ്ടു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശവും നൽകി.
2006 സെപ്തംബർ 29ന് രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയെ ബലമായി കടപ്പുറത്ത് എത്തിച്ച് വാൾ കാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവശേഷം ഭയന്ന യുവതി വീടും സ്ഥലവും വിറ്റ് താമസം മാറിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ, അഡ്വ. ജി എസ് ശാലിനി, അഡ്വ. എസ് ഷിബു, അഡ്വ. എ ഇക്ബാൽ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..