22 December Sunday
പ്രതിഷേധവുമായി കെജിഎൻഎ

സൂപ്രണ്ട്‌ അടക്കമുള്ളവർ അപമാനിച്ചു ഹെഡ്‌ നഴ്‌സ്‌ തളർന്നുവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കെജിഎൻഎ സംഘടിപ്പിച്ച പ്രതിഷേധം 
സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹെഡ്‌ നഴ്‌സ്‌ ശ്രീലേഖയെ സൂപ്രണ്ടും ആർഎംഒയും ഡെപ്യൂട്ടി സൂപ്രണ്ടും ചേർന്ന്‌ അപമാനിച്ചതായി പരാതി. ഓപ്പറേഷൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്‌ അനുസരിച്ചില്ല എന്ന കാരണത്താൽ അനാവശ്യമായി ശകാരിച്ചെന്നും രക്തസമ്മർദം ഉയർന്ന് തളർന്നുവീണ നഴ്സിന്‌ പ്രഥമ ശുശ്രൂഷപോലും നൽകാതെ ഇവർ കടന്നു കളഞ്ഞെന്നുമാണ്‌ പരാതി.
തിങ്കളാഴ്ച വൈദ്യുതി അറ്റകുറ്റപ്പണികൾക്കായി കണക്‌ഷൻ താൽക്കാലികമായി ഓഫ്‌ ചെയ്യണമെന്ന്‌ സൂപ്രണ്ട്‌ ആവശ്യപ്പെട്ടപ്പോൾ തിയറ്ററിൽ ശസ്‌ത്രക്രിയ നടക്കുകയാണെന്ന്‌ ശ്രീലേഖ അറിയിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാകില്ലെന്നിരിക്കെയാണ്‌ തന്നെ കുറ്റക്കാരിയാക്കുന്ന തരത്തിൽ സഹപ്രവർത്തകരുടെയും രോഗികളുടെയും മുന്നിൽ വച്ച്‌ അപമാനിച്ചതെന്ന്‌ ശ്രീലേഖ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തളർന്നുവീണ ഇവരുടെ തലയ്ക്ക്‌ പരിക്കുണ്ട്‌. ഉടൻ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഈ സംഭവമറിഞ്ഞിട്ടും സൂപ്രണ്ടും മറ്റുള്ളവരും അന്വേഷിച്ചില്ലെന്നും ജീവനക്കാർ പറയുന്നു.  കഴിഞ്ഞ ദിവസം അറ്റൻഡറിനും സമാന അനുഭവം ഉണ്ടായതായും പരാതിയുണ്ട്‌. 
സംഭവത്തിൽ സൂപ്രണ്ട്‌ ഡോ. ശാന്ത, ആർഎംഒ ഡോ. ശ്രീകല, ഡെപ്യൂട്ടി സൂപ്രണ്ട്‌ സ്വപ്ന എന്നിവർക്കെതിരെ കെജിഎൻഎ ഡിഎംഒയ്ക്ക്‌ പരാതി നൽകി. ഇതിന്റെയടിസ്ഥാനത്തിൽ ഇവരെ ഡിഎംഒ ഓഫീസിൽ വിളിച്ചുവരുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഡിഎംഒ ഡോ. ബിന്ദു മോഹൻ ആശുപത്രി സന്ദർശിച്ചു. കെജിഎൻഎ ആരോഗ്യമന്ത്രി വീണാ ജോർജിന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ്‌ ഡയറക്ടറോടും റിപ്പോർട്ട്‌ തേടി.
പ്രതിഷേധിച്ചു
ഹെഡ്‌ നഴ്‌സ്‌ ശ്രീലേഖയെ സൂപ്രണ്ട്‌ അടക്കമുള്ളവർ അപമാനിച്ചതിൽ  കെജിഎൻഎ പ്രതിഷേധിച്ചു.സംസ്ഥാന  സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു. തൈക്കാട് ഏരിയ സെക്രട്ടറി ജിൻസി, ബിന്ദു, ഷീജ, ശ്രീജാമോൾ, വിജയകുമാരി, സുമ, ശ്രീലത, ദീപ എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top