തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവ ആറാട്ടിന് മുന്നോടിയായി പള്ളിവേട്ട വെള്ളിയാഴ്ച നടന്നു. വെള്ളി രാത്രി എട്ടരയോടെ ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മയാണ് നിർവഹിച്ചത്. ശനി വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം കൊടിയിറങ്ങും.
വാദ്യമേളങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തിയത്. ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ശനി വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ആറാട്ട് ഘോഷയാത്രയിൽ തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ഉണ്ടാകും. പടിഞ്ഞാറെ നടയിൽ നിന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോകുന്നത്. ഘോഷയാത്രയുടെ ഭാഗമായി വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവം കൊടിയിറങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..