22 December Sunday

അവർക്ക്‌ മടിയില്ല, മനസ്സറിഞ്ഞ്‌ കൈയടിക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ശിശുദിന പരിപാടിയിൽ ലഭിച്ച പുരസ്കാരവുമായി ആഷിഖ് ഷാജി. പുരസ്കാരത്തിലെ എഴുത്തുകള്‍ ഒന്നിലധികം തവണ വായിച്ചും ഉമ്മവച്ചുമാണ് സന്തോഷം ആഷിഖ് പ്രകടിപ്പിച്ചത്

തിരുവനന്തപുരം 
കൂട്ടത്തിൽ മികവ്‌ കാട്ടിയവർക്കായി കൈയടിക്കാൻ മടിയില്ലാത്തവർ, അവരെ വ്യത്യസ്തരാക്കുന്നത്‌ അതാണ്‌. സന്തോഷത്താൽ നിറഞ്ഞ മനസ്സോടെ അവർ ആ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. സെ‌ന്റർ ഫോർ എംപവർമെന്റ്‌ ആൻഡ്‌ എൻറിച്ച്മെന്റിന്റെ (സിഫി) നേതൃത്വത്തിൽ സംഘടിപ്പിച്ച "യൂണിക്‌ലി മീ' ഭിന്നശേഷിക്കാരുടെ ശിശുദിന പരിപാടികളുടെ ഉദ്‌ഘാടന ചടങ്ങിൽ മനസ്സുനിറഞ്ഞ കൈയടികളാണ്‌ സമ്പന്നമായത്. 
കൂട്ടുകാർ വേദിയിലേക്ക്‌ കയറുമ്പോളൊക്കെയും അവർ ചിരിച്ചുകൊണ്ട്‌ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. ആത്മാർഥമായ ആ സ്‌നേഹപ്രകടനത്തിൽ മാതാപിതാക്കളും അധ്യാപകരും പങ്കാളികളായി. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങ്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്തു. 14ന് എറണാകുളം ജില്ലയിൽ വിവിധ കലാപരിപാടികളോടെ പരിപാടി അവസാനിക്കും. 
തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ആയിരത്തോളം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു. മികവ്‌ പുലർത്തിയ ആഷിക്‌ ഷാജി, അഭിലാഷ്‌, അനന്ദു, അനൂപ്‌, ആരതി, ഹരീഷ്‌ ബാബു, വിജിൻ, ദുർഗ, ചിത്ര, പ്രിൻസ്‌, ഗൗരി, സൈമൻസ്‌ തുടങ്ങി 12ഓളം കുട്ടികളെ ഗവർണർ ആദരിച്ചു. 
സ്കൂളുകൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. ഭിന്നശേഷി മേഖലയിലെ സ്തുത്യർഹ സേവനത്തിന്‌ 3-0 വർഷം അധ്യാപികയായിരുന്നു ഗ്ലാഡിസിനെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 
റിട്ട. ഡിജിപി ഋഷിരാജ് സിങ്‌, സംസ്ഥാന ഭിന്നശേഷി കമീഷണർ ഡോ. പി  ബാബുരാജ്, സിഫി ചെയർമാൻ ഡോ. പി എ മേരി അനിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top