സ്വന്തം ലേഖകൻ
തിരുവനന്തപുരം
കുട്ടികളടക്കം ഒമ്പതുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ഞായറാഴ്‌ച രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. ഭക്ഷണം കഴിച്ച കുട്ടികൾ അവിടെവച്ച് ഛർദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുംചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഹോട്ടലിൽ വച്ചുതന്നെ പ്രതിഷേധിച്ചു. പരാതി ഒതുക്കാനും വിളമ്പിയ ഭക്ഷണം തിരിച്ചെടുക്കാനും ഹോട്ടൽ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാതിക്കാർ അതിന് തയ്യാറായില്ല. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും പാകംചെയ്യാത്ത കോഴിയിറച്ചിയും കണ്ടെത്തി. തുടർന്നാണ് അടച്ചുപൂട്ടിയത്. നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം നൽകി നടപടി നേരിട്ട ഹോട്ടലാണ് ബുഹാരി. ഹോട്ടലിനെതിരെ പതിവായി പരാതികൾ വരുന്ന സാഹചര്യത്തിൽ കർശന നിരീക്ഷണത്തിനും പരിശോധനയ്ക്കുംശേഷമേ തുറക്കാൻ അനുവദിക്കൂവെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. പഴകിയ ഭക്ഷണങ്ങൾ ഏത് ഹോട്ടലിൽ നൽകിയാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ ഐ പി ബിനു അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..