തിരുവനന്തപുരം
ആശുപത്രിക്കിടക്കയില്‍വച്ച് ഡോക്ടര്‍മാരും സൈക്കോളജിസ്റ്റും സമ്മാനിച്ച നിറക്കൂട്ടുകളെ അവള്‍ പൂക്കളും പൂമ്പാറ്റകളുമാക്കി. മരങ്ങളും ചെടികളുമാക്കി. സ്വപ്നങ്ങള്‍ നെയ്തെടുത്തതുപോലെ, എല്ലാത്തിനും അതിജീവനത്തിന്റെ ഒറ്റനിറം. ഡാലിയ ടീച്ചറുടെ ഹൃദയം അവളുമായി അത്രയേറെ പൊരുത്തപ്പെട്ടിരിക്കുന്നു. ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതിയെ മറികടന്ന് ഹൃദയംകൊണ്ട് വരകള്‍തീര്‍ത്ത് അനുഷ്ക രമേഷ് പുതുജീവിതത്തിലേക്ക്.
കൊല്ലത്തെ അധ്യാപികകൂടിയായ ഡാലിയ ടീച്ചറുടെ ഹൃദയം ൧൮ ദിവസമായി അനുഷ്കയില്‍ മിടിക്കുന്നു. മസ്തിഷ്ക മരണം സംഭവിച്ച ഈ അധ്യാപിക ആറുപേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്.
ശ്രീചിത്രയില്‍ നടന്ന ആദ്യ ഹൃദയമാറ്റിവയ്ക്കലായിരുന്നു ഈ പതിനാലുകാരിയുടേത്. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അസുഖംമൂലം നേരിട്ട വെല്ലുവിളികളോടാണ് അനുഷ്ക പോരാടിയത്.
ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ വീട്ടില്‍ രമേഷിന്റെയും വിജിതയുടെയും മകളാണ് അനുഷ്ക. അവള്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ മാതാപിതാക്കളും ആശുപത്രി ജീവനക്കാരുമെല്ലാം പ്രോത്സാഹനം നല്‍കി. ചിത്രംവരയ്ക്കാനും പാട്ടുപാടാനുമുള്ള താല്‍പ്പര്യം മുമ്പത്തെക്കാളേറെ ധൈര്യം പകരുന്നുവെന്നത് ഏറെ സന്തോഷമുണ്ടെന്ന് അച്ഛന്‍ രമേഷ് പറയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽനിന്ന് അനുഷ്കയെ പ്രത്യേക മുറിയിലേക്ക് മാറ്റി. ആഹാരം കഴിക്കുകയും പിടിച്ചുനടക്കുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിട്ടേക്കും. എങ്കിലും തുടര്‍ പരിശോധനകള്‍ക്കായി ഒരു വര്‍ഷത്തോളം തിരുവനന്തപുരത്തുതന്നെ താമസിക്കേണ്ടിവരും.
ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അനുഷ്ക ഈ അധ്യയന വര്‍ഷം ഒരാഴ്ച മാത്രമാണ് സ്കൂളില്‍ പോയത്.
ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സഹായം സമാഹരിക്കുന്നുണ്ട്. വെല്‍ഡിങ് തൊഴിലാളിയായ രമേഷ് ഒരു അപകടത്തില്‍ കഴുത്തൊടിഞ്ഞ് ചികിത്സയിലായിരുന്നു.
അനുഷ്കയുടെ ശസ്ത്രക്രിയക്കുമുമ്പ് മൂന്നുവര്‍ഷം ചികിത്സ നടത്തിയതിന് 23 ലക്ഷത്തോളം ചെലവായി. ശസ്ത്രക്രിയക്ക് ചെലവായ തുക ഇനിയും കണക്കാക്കിയിട്ടില്ല.
സഹോദരിയുടെ സ്ഥലം വിറ്റുകിട്ടിയതില്‍ ലഭിച്ച തുകയുള്‍പ്പെടെ കടംവാങ്ങിയാണ് ചികിത്സ. ആശുപത്രി വിട്ടാലും അനുഷ്കയ്ക്ക് മരുന്നുള്‍പ്പെടെ മാസം 50,000 രൂപ വരെ വേണ്ടിവരും.
മകളുടെ തുടര്‍ചികിത്സയ്ക്കായി സുമനസ്സുകളിലാണ് പ്രതീക്ഷ. കനറ ബാങ്കിന്റെ ചേറ്റുവ ശാഖയിലെ -രമേഷ് സി ആർ, A/C No110 151566495, IFSC CNRB0006602 എന്ന അക്കൗണ്ടിലേക്കോ 8075642934 എന്ന ഗൂഗിൾ പേ നമ്പരിലോ സാമ്പത്തിക സഹായം നൽകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..