23 December Monday

സംഗീതപ്രേമികളെ വിസ്മയിപ്പിച്ച് ജർമൻ ജാസ് ബാൻഡ് പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഗോയ്ഥെ സെന്‍ട്രത്തില്‍ നടന്ന ജര്‍മന്‍ ജാസ് ബാന്‍ഡിന്റെ പ്രകടനം

തിരുവനന്തപുരം
ജാസ് സംഗീതാസ്വാദകർക്ക് ആവേശമായി ജർമൻ ജാസ് ബാൻഡായ വോൾക്മാൻ ജാരറ്റ് ആൻഡ്രെജ്യൂസ്കി ട്രിയോയുടെ പ്രകടനം. 
മാസ്മരികതയ്‌ക്ക് സാക്ഷിയായി ജര്‍മന്‍ സംസ്കാരിക കേന്ദ്രമായ ​​ഗോയ്ഥെ സെൻട്രം. ലൂയിസ് വോൾക്മാൻ, പോൾ ജാരറ്റ്, മാക്സ് ആൻഡ്രെജ്യൂസ്കി എന്നിവർ ചേർന്ന് രൂപീകരിച്ച ബാൻഡിന്റെ ദക്ഷിണേഷ്യൻ സംഗീത പര്യടനത്തിന്റെ ഭാഗമായാണ് സംഘം തലസ്ഥാനത്തെത്തിയത്. കൊളംബോ, ന്യൂഡൽഹി, പുണെ, ധാക്ക എന്നീ നഗരങ്ങൾ പിന്നിട്ടാണ് മൂവർ സംഘം തലസ്ഥാനത്തെത്തിയത്. 
ലളിതമായ നാടോടി ഗാനങ്ങളുടെയും ഇംപ്രവൈസ് ചെയ്ത സംഗീതത്തിന്റെയും അകമ്പടിയിൽ മൂവരും ചേർന്ന് ആസ്വാദകരെ ചടുലവും ഒഴുക്കുള്ളതുമായ സംഗീത സപര്യയിൽ അണിചേർത്തു.  ജർമനിയിലെ കൊളോൺ സ്വദേശിയായ സാക്സഫോണിസ്റ്റായ ലൂയിസ് വോൾക്മാൻ സമകാലിക പരിവർത്തന സാധ്യതകളുള്ള സോളോകളിലൂടെ ശ്രദ്ധേയയാണ്. ബെർലിനിലെ മ്യൂസിക് കമ്പോസറും ഡ്രമ്മറുമാണ് മാക്സ് ആൻഡ്രെ ജ്യൂസ്കി. ചടുലമായ ജാസ് ഡ്രം റോളുകൾകൊണ്ട് സമകാലിക ശാസ്ത്രീയ സംഗീതത്തിലും മ്യൂസിക് ഇംപ്രവൈസേഷനിലും ആസ്വാദകരെ പിടിച്ചിരുത്തുന്ന ആൻഡ്രെജ്യൂസ്കി എംഎച്ച്എസ് കൊളോൺ, യുഡികെ ബെർലിൻ എന്നിവിടങ്ങളിൽ നിന്നാണ് ഡ്രംസ് പഠനം പൂർത്തിയാക്കിയത്. ഗിത്താറിസ്റ്റായ പോൾ ജാരറ്റിന്റെ സമകാലിക, ജാസി നോട്ടുകൾ കൺസേർട്ടുകളെ പ്രകമ്പനം കൊള്ളിക്കുന്നവയാണ്. ജാസ്, മ്യൂസിക് ഇംപ്രവൈസേഷൻ എന്നിവയിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു. താളക്രമത്തിലെ ഗതിമാറ്റങ്ങളിൽ പലപ്പോഴും ശ്രുതി വർധിക്കുന്ന പരീക്ഷണാത്മക ജാസ് ശൈലിയാണ് ബാൻഡിന്റെ പ്രകടനമെന്ന് കൺസേർട്ടിൽ പങ്കെടുത്ത ഗിത്താർ അധ്യാപകനായ യാസീൻ അക്ബർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top