തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. ശനി വൈകിട്ട് അഞ്ചിന് ആരംഭിച്ച ആറാട്ട് ചടങ്ങുകൾ രാത്രി പത്തോടെയാണ് സമാപിച്ചത്. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിന് മുമ്പ് പോറ്റിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും നടന്നു. ഘോഷയാത്ര വിളംബരം ചെയ്‌ത് ആനയ്‌ക്ക് അകമ്പടിയായി കോൽക്കാരും കുന്തക്കാരും വാൾക്കാരും അണിനിരന്നു. പടിഞ്ഞാറെകോട്ട കടന്നപ്പോൾ 21 ആചാരവെടി മുഴങ്ങി. വള്ളക്കടവിൽനിന്ന് ഘോഷയാത്ര ശംഖുംമുഖത്തെത്തി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്‌ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്‌ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ആറാട്ടിന് എഴുന്നള്ളിച്ചിരുന്നു. ക്ഷേത്രസ്ഥാനി രാമവർമ, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, തുളസീ ഭാസ്‌കരൻ, കരമന ജയൻ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ തുടങ്ങിയവർ എഴുന്നള്ളത്തിൽ പങ്കെടുത്തു. 24 കീഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്. തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി. ഞായർ രാവിലെ ആറാട്ട് കലശം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..