22 December Sunday

നടപ്പാതയേത്‌, റോഡേത്‌

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

അരിസ്റ്റോ ജങ്ഷനിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നു

തിരുവനന്തപുരം
റോഡിനിരുവശവും തോന്നുംപടി പാർക്കിങ്‌. സൂചനാ ബോർഡുകൾ കണ്ട ഭാവമേയില്ല. ചിലരാകട്ടെ ഒരു പടികൂടി കടന്ന്‌ നടപ്പാതയിൽ കയറ്റിയാണ്‌ വാഹനങ്ങൾ നിർത്തിയിടുന്നത്‌. അനധികൃത പാർക്കിങ്ങിൽ ശ്വാസംമുട്ടുകയാണ്‌ നഗരത്തിലെ പ്രധാന റോഡുകൾ. ചിലസമയങ്ങളിൽ തമ്പാനൂർ മുതൽ പനവിള ജങ്‌ഷൻ വരെ റോഡിനിരുവശവും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്‌. 
അന്തർസംസ്ഥാന ടൂറിസ്റ്റ്‌ ബസുകളും കെഎസ്‌ആർടിസി ബസുകളും സർവീസ്‌ നടത്തുന്ന ഈ റോഡിൽ ഇത്തരത്തിലുള്ള അനധികൃത പാർക്കിങ്‌ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ല. പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനാണ്‌ ഇത്‌ വഴിവയ്‌ക്കുന്നത്‌. തമ്പാനൂരും അരിസ്‌റ്റോ ജങ്‌ഷനിലുമാണ്‌ അനധികൃത പാർക്കിങ്‌ കൂടുതൽ പ്രയാസമുണ്ടാക്കുന്നത്‌. 
ഇവിടെ കോർപറേഷന്റെയും റെയിൽവേയുടെയും കെഎസ്‌ആർടിസിയുടെയും പാർക്കിങ്‌ സ്ഥലങ്ങളുണ്ട്‌. സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽ നിർമിച്ച തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിങ്‌ കേന്ദ്രത്തിൽ 22 കാറും 450 ബൈക്കും പാർക്ക്‌ ചെയ്യാൻ സൗകര്യമുണ്ട്‌. റെയിൽവേയുടെ പ്രീമിയം പാർക്കിങ്ങിലുൾപ്പെടെ 3250 ബൈക്കും 1530 കാറും പാർക്ക്‌ ചെയ്യാം. കെഎസ്‌ആർടിസിയുടെ പാർക്കിങ്ങിൽ 20 കാറും 50 ബൈക്കും പാർക്ക്‌ ചെയ്യാൻ സൗകര്യമുണ്ട്‌. 
പ്രസ്‌ റോഡ്‌, വഞ്ചിയൂർ, പ്രസ്‌ക്ലബ്‌ റോഡ്‌, പേട്ട, പാളയം, ചാല, കിഴക്കേകോട്ട തുടങ്ങിയ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലും അനധികൃത പാർക്കിങ്‌ തകൃതിയാണ്‌. അനധികൃതമായി വാഹനം പാർക്ക്‌ ചെയ്‌താൽ 250 രൂപയാണ്‌ പിഴ. 
നഗരത്തിൽ പാർക്ക്‌ ചെയ്യാവുന്ന ഇടങ്ങളിൽ ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്‌. അനുവദനീയമല്ലാത്ത സ്ഥലത്ത്‌ വാഹനം നിർത്തിയിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്‌ ജനങ്ങളുടെയാവശ്യം.
‘നോ പാർക്കിങ്‌' 
സോണുകൾ
● വളവുകളിലും വളവിന്‌ സമീപവും
● റെയിൽവേ ക്രോസിൽ
● ബസ് സ്റ്റോപ്‌, ആശുപത്രി, സ്കൂൾകവാടത്തിനു സമീപം
● പരമാവധി വേഗത 50 കിലോമീറ്ററോ അതിൽ കൂടുതലോ ഉള്ള റോഡിന്റെ ഭാഗങ്ങളിൽ
● ഫുട്പാത്ത്, സൈക്കിൾ ട്രാക്ക്, സീബ്രാലൈൻ
● സ്ഥാപനങ്ങളുടെയും വീടുകളുടെയും പ്രവേശന വഴി
● പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് നേരെയും സമാന്തരമായും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top