തിരുവനന്തപുരം
രാജാജിനഗറിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിൽ ആധുനിക രീതികൾ നടപ്പാക്കാൻ കോർപറേഷൻ. ആമയിഴഞ്ചാൻ തോടിന് മുകളിലോ ഭൂമിക്കടിയിലോ പുതിയ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനാണ് ആലോചന. ഇതിനുവേണ്ടി ഇറിഗേഷൻ വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കും. ഇവിടെയുള്ള താമസക്കാരെ നിലനിർത്തി അധികം സ്ഥലമേറ്റെടുക്കാതെ പദ്ധതി ആവിഷ്കരിക്കാനാണ് കോർപറേഷന്റെ തീരുമാനം. പ്ലാന്റിന്റെ സാധ്യത പഠിക്കാൻ പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ സ്ഥലം സന്ദർശിച്ചിരുന്നു.
രാജാജി നഗറിൽനിന്നുണ്ടാകുന്ന മലിനജലം സംസ്‌കരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ നിലവിലില്ല. തോടിന് സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങിലെയും മാലിന്യം തോട്ടിലേക്ക് നേരിട്ട് ഒഴുക്കുന്നതായി ആരോഗ്യവിഭാഗത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. വീടുകളിലേക്കുള്ള വഴികൾ ഇടുങ്ങിയത് ആയതിനാൽ മാലിന്യശേഖരണ വാഹനം അകത്തേക്ക് കയറ്റുന്നത് പ്രാവർത്തികമല്ല.
സ്ഥലപരിമിതിയാൽ സ്വീവേജ് സംവിധാനം സ്ഥാപിക്കാനും തടസ്സങ്ങളുണ്ട്. രാജാജി നഗർ ഭാഗത്ത് തോടിനു മുകളിൽ സ്ലാബുകളിട്ട് അതിന് മുകളിൽ സ്വീവറേജ് പ്ലാന്റ് സ്ഥാപിക്കുന്നതാണ് ആലോചന. തോട്ടിലേക്ക് അൽപ്പംപോലും മാലിന്യമിറങ്ങാതെയാകും നിർമാണം. മലിനജലം ഇവിടെ ശുദ്ധീകരിച്ചശേഷമാണ് തോട്ടിലേക്ക് തുറന്നു വിടുക. രാജാജി നഗറിന് സമീപം പ്രത്യേക സ്ഥലം കണ്ടെത്തി ഭൂഗർഭ കണ്ടെയ്നർ മോഡൽ ട്രീറ്റ്മെന്റ് പ്ലാന്റും പരിഗണനയിലുണ്ട്. ആറ് മുതൽ ഒമ്പത് ലക്ഷം ലിറ്റർ മലിനജലം സംസ്കരണത്തിന് വേണ്ടിയുള്ള പ്ലാന്റാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടതായി വരും. സ്ഥലം ഏറ്റെടുത്താൽ പുനരധിവാസത്തിന് മറ്റൊരു കെട്ടിടവും നിർമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..