23 December Monday
എംപോക്സ്‌

പ്രതിരോധം തുടങ്ങി കേരളം; ചികിത്സയ്‌ക്കുള്ള 
എസ്‌ഒപി ആഗസ്തിൽ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
തിരുവനന്തപുരം
വിദേശത്ത്‌ നിന്ന്‌ മടങ്ങിയെത്തിയ യുവാവിന്‌ ഡൽഹിയിൽ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും ജാഗ്രതയിൽ. 
ആഗസ്തിൽ ലോകാരോഗ്യസംഘടനയുടെ മുൻകരുതൽ നിർദേശം ലഭിച്ചതോടെ കേരളവും പ്രതിരോധം ഉറപ്പാക്കി. 
ആഗസ്തിൽ തന്നെ ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്‌ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്‌ പ്രൊസീജിയർ (എസ്‌ഒപി) പുറത്തിറക്കി. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും എസ്ഒപി പിന്തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത്‌ 2022ൽ രോഗം സ്ഥിരീകരിച്ചിരുന്നു. 
  മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് എംപോക്‌സ്‌. 
തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. 
സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെർമൽ സ്‌കാനർ ഉണ്ട്.
 വിദേശത്ത് നിന്ന്‌ വരുന്ന യാത്രക്കാരിൽ തെർമ്മൽ സ്‌കാനർ വഴിയുള്ള പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ അവരുടെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കും. പാടുകളുണ്ടെങ്കിൽ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിലേക്ക്‌ മാറ്റും.
രോഗം പകരുന്നതിങ്ങനെ
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. 
അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്നവർക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ രോഗംവരാൻ സാധ്യതയുണ്ട്. 
രോഗിയുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ എന്നിവ രോഗവാഹകമാണ്‌.
പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം.  
ലക്ഷണങ്ങൾ
രണ്ടുമുതൽ നാലാഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കും. മരണ നിരക്ക് കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. 
പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. 
മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. കോർണിയയിലെ അണുബാധയിലൂടെ കാഴ്ച നഷ്ടവും സംഭവിച്ചേക്കാം.  വൈറൽ രോഗമായതിനാൽ പ്രത്യേക ചികിത്സ ലഭ്യമല്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top