22 December Sunday

ഭൂരിഭാഗം പ്രദേശങ്ങളിലും ജലമെത്തി

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2024
തിരുവനന്തപുരം
നഗരത്തിൽ കുടിവെള്ള വിതരണത്തിലുണ്ടായ തടസ്സം ഭൂരിഭാഗവും പരിഹരിച്ചതായി ജല അതോറിറ്റി അറിയിച്ചു. 95 ശതമാനം പ്രദേശങ്ങളിലും ചൊവ്വ രാത്രിയോടെ ജലം എത്തി. ഉയർന്ന സ്ഥലങ്ങളിൽ ജലം എത്തിക്കാനുള്ള തടസ്സം ഉടൻ നീക്കുമെന്നും ജല അതോറിറ്റി അറിയിച്ചു.
മർദം കുറവായതിനാലാണ്‌ ഉയർന്ന സ്ഥലങ്ങളിലേക്ക്‌ വെള്ളം എത്താത്തത്‌. ഈ പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കും. ടാങ്കറിൽ വെള്ളം ആവശ്യമുള്ളവർ, പൈപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന്‌ ശക്തികുറവ്‌ അനുഭവപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ എന്നിവർ 1916 എന്ന നമ്പറിൽ ബന്ധപ്പെടണം.തിരുവനന്തപുരം– -നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി അപ്രതീക്ഷിതമായി നീണ്ടതിനാലാണ്‌ 46 വാർഡിൽ കുടിവെള്ളവിതരണം നാലുദിവസത്തോളം തടസ്സപ്പെട്ടത്‌. ഇത്തരമൊരു സാഹചര്യമുണ്ടാകാനുള്ള കാരണത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ ജലമന്ത്രി റോഷി അഗസ്‌റ്റിൻ വ്യാഴാഴ്‌ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്‌. അറ്റകുറ്റപ്പണിയുണ്ടാകുമ്പോഴുള്ള മുൻകരുതലിനെക്കുറിച്ച്‌ തീരുമാനമെടുക്കും. ജനപ്രതിനിധികളുമായി ചർച്ചചെയ്‌ത്‌ മുന്നറിയിപ്പും ബദൽ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനെക്കുറിച്ച്‌ യോഗം ചർച്ചചെയ്യും. കുടിവെള്ള വിതരണം നിർത്തിവച്ചുള്ള പ്രവർത്തനങ്ങൾക്ക് പൊതുമാർഗനിർദേശം രൂപപ്പെടുത്തും. റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ അപാകം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
മുന്നറിയിപ്പു നൽകിയതിലും കൂടുതൽദിവസം കുടിവെള്ളവിതരണം തടസ്സപ്പെട്ടതിലും ഉന്നത ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടായതായി പരാതി ഉയർന്നിട്ടുണ്ട്‌. ബോധപൂർവമായ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന്‌ പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ വി കെ പ്രശാന്ത്‌ എംഎൽഎ മന്ത്രിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. കോർപറേഷൻ പരിധിയിൽ ജലവിതരണം തടസ്സപ്പെടുമ്പോൾ അറിയിക്കണമെന്ന ആവശ്യം മേയർ ആര്യ രാജേന്ദ്രനും മന്ത്രിക്ക്‌ കൈമാറിയിട്ടുണ്ട്‌.
ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തിയിട്ടുണ്ടോയെന്ന്‌  ജല അതോറിറ്റി പരിശോധിക്കുന്നുണ്ട്‌. വീഴ്‌ച കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്‌ സൂചന. കരാറുകാരുടെ വീഴ്‌ചയും പരിശോധിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top