കാട്ടാക്കട
ആനയൂട്ട് ഗ്യാലറിമുതൽ പൂരംഗ്രൗണ്ടുവരെ തയ്യാർ... ആനവിശേഷങ്ങളറിയാനും ആനയെ അടുത്തറിയാനുമായി അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരണങ്ങളുമായി കാപ്പുകാട് ആന പുനരധിവാസകേന്ദ്രം.
നവീകരിച്ച കേന്ദ്രം മുഖ്യമന്ത്രി വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്‌ബിയിൽനിന്ന് 105 കോടി മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്. അഗസ്ത്യവനത്തോട് ചേർന്ന 175 ഹെക്ടറിൽ 50 ആനകളെ വരെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ അ നുസരിച്ച് ഒറ്റയ്‌ക്കും കൂട്ടമായും പാർപ്പിക്കാനാകും. രണ്ടുമുതൽ അഞ്ചുവരെ ഏക്കറാണ് ഓരോ വാസസ്ഥലത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോന്നിലും ഒന്നുമുതൽ നാലുവരെ ആനകൾക്കുള്ള കൊട്ടിലുകൾ, ജലസംഭരണികൾ എന്നിവയും ഉണ്ടാകും.
കുട്ടിയാനകൾക്കുള്ള പരിചരണകേന്ദ്രത്തിൽ മുറികളോടൊപ്പം അണുവിമുക്ത അടുക്കള, പാപ്പാന്മാർക്ക് 24 മണിക്കൂറും തങ്ങാനുള്ള സൗകര്യം, ഡോക്ടർക്കുള്ള പരിശോധനാമുറി എന്നിവ നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ രാജ്യത്ത് ഒരുങ്ങുന്ന പ്രഥമ സംവിധാനമാണിത്. ഇവിടേക്കുള്ള പഞ്ചായത്ത് റോഡ് ആധുനിക നിലവാരത്തിൽ കോൺക്രീറ്റ് ചെയ്‌തു. ആന മ്യൂസിയവും പഠനഗവേഷണകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
ആദിവാസി ഊരുകളിലൂടെ വനസൗന്ദര്യം നുകർന്ന് സാഹസിക യാത്ര ചെയ്യാനും സൗകര്യമുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. വനം ആശ്രിത കുടുംബങ്ങളുടെ തൊഴിൽ, സാമ്പത്തികം എന്നിവ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയും.
ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..