തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിന്റെ വിജയത്തിനുശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് പൂരാവേശം. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഈ സീസണിലെ ആദ്യ മത്സരം വെള്ളിയാഴ്ച പഞ്ചാബുമായി തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. വെള്ളി മുതൽ തിങ്കൾ വരെയാണ് മത്സരം.
വെള്ളിയാഴ്ച രാവിലെ 9.30ന് മത്സരം ആരംഭിക്കും. വെടിക്കെട്ട് ബാറ്റ്സ്മാൻ സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. സച്ചിൻ ബേബി, രോഹൻ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍ അണിനിരക്കുന്ന കേരളത്തിന്റെ ബാറ്റിങ് നിര ശക്തമാണ്.
മറുനാട്ടുകാരായ ബാബ അപരാജിത്തും ജലജ് സക്‌സേനയും ചേരുമ്പോൾ ബാറ്റിങ്ങിന് വീണ്ടും കരുത്ത് കൂടും. ജലജ് സക്‌സേന, ബേസിൽ തമ്പി, കെ എം ആസിഫ് തുടങ്ങിയവർ അണിനിരക്കുന്ന ബൗളിങ്ങും ചേരുമ്പോൾ മികച്ച ടീമാണ് ഇത്തവണ കേരളത്തിന്റേത്. ഈ സീസണിലെ കേരളത്തിന്റെ നാല് മത്സരങ്ങൾക്ക് തലസ്ഥാനം വേദിയാകും.
പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവരുമായിട്ടാണ് മറ്റ്മത്സരങ്ങള്‍. പ്രവേശം സൗജന്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..