23 December Monday

ചരിത്രം തുന്നിയ സഖാവ്‌ ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരുവനന്തപുരം> ചരിത്രം തുന്നിയ സഖാവിന് തലസ്ഥാനം വിട പറഞ്ഞു. ഇ കെ നായനാർ മുതൽ വി എസ് അച്യുതാനന്ദൻ വരെയുള്ള സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളുടെ പ്രിയപ്പെട്ട തുന്നൽകാരൻ നാലാഞ്ചിറ ചെഞ്ചേരി വസന്തഭവനിൽ എസ് ശശിധരൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായർ പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തി.

‘ഇ കെ നായനാർക്ക് മാത്രമായി ആയിരത്തിലധികം ജുബ്ബയും ഷർട്ടും തയ്ച്ച് നൽകിയിട്ടുണ്ടെ’ന്ന് അഭിമാനത്തോടെ പലവേദികളിലും അദ്ദേഹം പറഞ്ഞിരുന്നു. 1978ൽ ഇ കെ നായനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പാളയത്ത് മോഡേൺ ടെയിലേഴ്സ് നടത്തിയിരുന്ന ശശിധരനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായതോടെ നായനാർ ശശിധരന് പ്രിയപ്പെട്ട "സിഎം' ആയി. തുടർന്ന് നായനാരുടെ മരണത്തിന് ദിവസങ്ങൾക്കുമുമ്പ് വരെയും ജുബ്ബ തയ്‌ച്ച് നൽ‌കിയത് ശശിധരനാണ്. നായനാർ അവസാനം തയ്‌ക്കാൻ നൽകിയ ഇളംമഞ്ഞ നിറത്തിലുള്ള സിൽക്ക് തുണി ശശിധരൻ അവസാനനിമിഷം വരെയും സൂക്ഷിച്ചുവച്ചു. പാളയത്ത് തയ്യൽ‌ക്കടയിരുന്ന കെട്ടിടം ഉടമസ്ഥൻ വിറ്റതോടെ തയ്യൽജോലികൾ വീട്ടിലാക്കിയിരുന്നു. ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രമായിട്ടായിരുന്നു പിന്നീട്‌ തയ്യൽജോലികൾ. ഇക്കാലയളവിൽ ടി കെ രാമകൃഷ്‌ണൻ, വി എസ് അച്യുതാനന്ദൻ എന്നിവർക്കുവേണ്ടി തയ്‌ക്കുമായിരുന്നു. ഭാര്യ: പരേതയായ എസ് വസന്ത. മക്കൾ: അഡ്വ. എസ് വി ഷാജി (വഞ്ചിയൂർ കോടതി), എസ് വി ഷീബ. മരുമകൻ: സുരേഷ് ബാബു (റിട്ട. സിഐഎസ്എഫ്). സഞ്ചയനം വ്യാഴം എട്ടിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top