12 December Thursday

ഒത്തുപിടിച്ചു 
ഏയ്‌ലസാ

സ്വന്തം ലേഖകൻUpdated: Wednesday Dec 11, 2024

വീറോടെ‍‍‍..... സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചുതുറ കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം പരിപാടി ഉദ്‌ഘാടനത്തിനെത്തിയ 
കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക് തൊഴിലാളികൾക്കൊപ്പം വള്ളം കരക്ക്‌ വലിക്കാൻ കൂടിയപ്പോൾ

തിരുവനന്തപുരം
‘ഞങ്ങൾക്കിപ്പോ 1300 രൂപയാണ്‌ പെൻഷൻ കിട്ടുന്നത്‌. അതെന്താ അങ്ങനെ’?, ‘മുക്കുവരുടെ സംവരണപ്രശ്‌നങ്ങൾ പരിഹരിക്കുമോ?’ ‘പാവങ്ങളുടെ പാർടിയായിട്ടും എന്താ സഖാവേ നമ്മൾ തെരഞ്ഞെടുപ്പിൽ ജയിക്കാതിരുന്നത്‌’? ‘വിഴിഞ്ഞം തുറമുഖം വരുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ തൊഴിൽ ഉറപ്പാക്കാൻ എന്ത്‌ ചെയ്യും?’ ക്ലാസിലിരിക്കുന്ന കുട്ടികളെന്നവണ്ണം കൊച്ചുതുറക്കാർ ചോദ്യങ്ങൾ ചോദിച്ചു. ഒരു രാഷ്ട്രീയ ക്ലാസിലെ അധ്യാപകനായി ഡോ. തോമസ്‌ ഐസക്‌ എല്ലാത്തിനും മറുപടി നൽകിയതോടെ വിമർശന സ്വരമുണ്ടായിരുന്നവർ പോലും കൈയടിയോടെ പ്രോത്സാഹിപ്പിച്ചു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുംകുളം കൊച്ചുതുറ കടപ്പുറത്ത്‌ സംഘടിപ്പിച്ച ‘ഒത്തുപിടിച്ചേ ഏയ്‌ലസാ’ മത്സ്യത്തൊഴിലാളി സംഗമമാണ്‌ രാഷ്ട്രീയ വിദ്യാഭ്യാസ സദസ്സായി മാറിയത്‌.
  പെൻഷൻ തുകയിലെ കേന്ദ്ര വിഹിതത്തിന്റെ കുറവുണ്ടായതും പെൻഷൻ നൽകാതിരിക്കാൻ കേന്ദ്രം സ്വീകരിച്ച ദുഷ്‌ചെയ്‌തികളും കൂടുതൽ തൊഴിൽ നൽകാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുമെല്ലാം തോമസ്‌ ഐസക്‌ ലളിതമായി വിശദീകരിച്ചു നൽകി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അറിവുനേടിയവർ മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന്‌ ഉയർന്നുവന്നതിനെക്കുറിച്ചുമെല്ലാം ഉദാഹരണസഹിതം വിശദീകരിച്ചു നൽകിയാണ്‌ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്‌. 
ചോദ്യങ്ങൾ ചോദിച്ചവർക്കെല്ലാം താനെഴുതിയ ‘വർത്തമാനങ്ങൾ’ എന്ന പുസ്തകം സമ്മാനമായി നൽകിയാണ്‌ തോമസ്‌ ഐസക്‌ വേദിവിട്ടത്.
കരുംകുളം ലോക്കൽ സ്വാഗതസംഘം ചെയർമാൻ ഇ കെന്നഡി അധ്യക്ഷനായി. പുല്ലുവിള സ്റ്റാൻലി, കവി ഡി അനിൽകുമാർ, പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, എസ് അജിത്ത്, ജി അനിൽകുമാർ, എ ജെ സുക്കാർണോ, ഡോ. വി ഗബ്രിയേൽ, സ്നാഗപ്പൻ, ജെറാൾഡ്, യേശുരാജൻ, എൽ സരൺ, ജെറോംദാസ്‌ എന്നിവർ സംസാരിച്ചു.
 
യുവാക്കൾക്ക്‌ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും: തോമസ്‌ ഐസക്‌
മത്സ്യത്തൊഴിലാളി മേഖലയിലടക്കം യുവാക്കൾക്ക്‌ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുംകുളം കൊച്ചുതുറ കടപ്പുറത്ത്‌ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്ക്‌ തൊഴിൽ നൽകണമെന്ന നിലപാടാണ്‌ സിപിഐ എമ്മിനുള്ളത്‌. ഇതുറപ്പാക്കാനാവശ്യമായ നടപടികൾ പാർടിയുടെ ഭാഗത്തുനിന്നുണ്ടാകും. എന്നും പാവങ്ങൾക്കൊപ്പം നിൽക്കുന്ന പാർടിയാണ്‌ സിപിഐ എം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പെൻഷൻ നടപ്പാക്കിയതും ഇടതുപക്ഷ സർക്കാരുകളാണ്‌. പെൻഷൻ നൽകുന്നത്‌ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ കേന്ദ്രസർക്കാർ നടത്തിയത്‌. സാമ്പത്തികമായി ഞെരുക്കിയതിന്റെ ഫലമായാണ്‌ പെൻഷൻ കുടിശ്ശികയുണ്ടായത്‌. ഒന്നാം പിണറായി സർക്കാർ 34,000 കോടി രൂപയാണ്‌ പെൻഷനായി വിതരണം ചെയ്‌തത്‌. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേയ്ക്ക്‌ 50,000 രൂപ പെൻഷൻ ഇനത്തിൽ ജനങ്ങളുടെ കൈവശമെത്തും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പെൻഷൻ കൃത്യമായി കൊടുക്കാനാണ്‌ സർക്കാർ തീരുമാനിച്ചത്‌. 
മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക്‌ പട്ടികജാതിക്കാർക്ക്‌ സമാനമായി വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കിയതും എൽഡിഎഫ്‌ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top