14 November Thursday

8 ആരോഗ്യകേന്ദ്രത്തിന് 
കായകൽപ്പ് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

പള്ളിക്കൽ സാമൂഹിക ആരോ​ഗ്യകേന്ദ്രം

തിരുവനന്തപുരം

മികച്ച ആശുപത്രികൾക്കുള്ള കായകൽപ്പ്‌ പുരസ്‌കാരത്തിൽ നേട്ടവുമായി ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളും. സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ്‌ പുരസ്‌കാരം. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളിൽ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയും ഇടംപിടിച്ചു. മൂന്നുലക്ഷം രൂപയാണ് പുരസ്‌കാരം. മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള രണ്ടാം സ്ഥാനം പള്ളിക്കൽ സിഎച്ച്സി നേടി. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരം. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപത്രികളിൽ ജില്ലയിൽനിന്നുള്ള ഏക ആശുപത്രി പള്ളിക്കൽ സിഎച്ച്സിയാണ്. ഒരുലക്ഷം രൂപയാണ് അവാർഡ്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളെ മൂന്നു ക്ലസ്റ്റർ ആയി തിരിച്ചുള്ള മത്സരത്തിൽ ഒന്നാം ക്ലസ്റ്ററിൽ മുട്ടട അർബൻ പ്രൈമറി ഹെൽത്ത് സെന്ററാണ് ഒന്നാമത്. രണ്ടു ലക്ഷം രൂപയാണ് അവാർഡ്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 16 ആശുപത്രികളിൽ ജില്ലയിലെ നാല്‌ ആരോഗ്യകേന്ദ്രങ്ങളുണ്ട്‌. ചായ്ക്കോട്ടുക്കോണം, പൂവത്തൂർ, തൃക്കണ്ണാപ്പുരം, വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളാണിത്‌. 50,000 രൂപവീതമാണ് സമ്മാനം.

പുരസ്‌കാര നിറവിൽ പള്ളിക്കല്‍ സാമൂഹികാരോ​ഗ്യകേന്ദ്രം

കിളിമാനൂർ

കായകൽപ്പ്‌ പുരസ്‌കാരത്തിന്റെ നിറവിൽ പള്ളിക്കൽ സാമൂഹികാരോ​ഗ്യകേന്ദ്രം. സംസ്ഥാനതലത്തിൽ 96.67 ശതമാനം മാർക്ക് നേടി മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള രണ്ടാം സ്ഥാനമാണ്‌ നേടിയത്‌. 84.31 ശതമാനം മാർക്ക് നേടി മികച്ച സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ള ഒരു ലക്ഷം രൂപയുടെ കമന്റേഷൻ പുരസ്‌കാരവും നേടി. കഴിഞ്ഞവർഷവും കായകൽപ്പ്‌ പുരസ്‌കാരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ നിരവധി വികസന പദ്ധതികളാണ്‌ പൂർത്തിയാകുന്നത്‌. ഏഴു കോടി ചെലവിലുള്ള ബഹുനില മന്ദിരത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top