തിരുവനന്തപുരം
"നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കാറ്റാടിപ്പാടം, നടുവിൽ റോഡ്, ഇരുവശത്തും പൂത്തു നിൽക്കുന്ന ജമന്തിയും വാടാമല്ലിയും'–- ഈ തോവാള ഇന്ന് ഇല്ല. കന്യാകുമാരി ജില്ലയിലെ മനോഹരമായ തോവാള പൂപ്പാടങ്ങളിൽ റിയൽ എസ്‌റ്റേറ്റുകാർ കൃഷിയിറക്കി. പൂക്കൾ നിറഞ്ഞുനിന്നിരുന്ന പാടങ്ങളിൽ ഇന്ന് വീടുകളും കെട്ടിടങ്ങളുമാണ്. ‘സാവുപടി നിലങ്കൾ ഇല്ലൈ, ഇപ്പ എങ്കപ്പാത്താലും വ്യവസായ ഇടത്തില വീടുകൾ വന്തിരുക്ക്’ (കൃഷിയിടങ്ങൾ ഇല്ല, ഇപ്പോൾ എവിടെ നോക്കിയാലും കെട്ടിടങ്ങളാണ്)–- തോവാളയിലെ മാർക്കറ്റിൽ മാല കോർക്കുന്നതിനിടെ തുളസി പറഞ്ഞു. തോവാളയിലെ പൂക്കൃഷി കുറഞ്ഞതിന്റെ സങ്കടം അറുപത്തിനാലുകാരിയുടെ കണ്ണുകളിൽ കാണാം.
റിയൽ എസ്‌റ്റേറ്റുകാർ സജീവമായതോടെ കൃഷിയിടങ്ങൾ അഞ്ചും പത്തും സെന്റ് പ്ലോട്ടായി മാറി. സമീപ ഗ്രാമങ്ങളായ ആവരക്കുളം, പളവൂർ, കുമാരപുരം, ചിദംബരപുരം എന്നിവിടങ്ങളിലും പൂക്കൃഷി കുറഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളിൽ മുല്ലയാണ് പ്രധാന കൃഷി. പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയുമെല്ലാം കൃഷിയിടങ്ങളിലുണ്ട്. വീട്ടുവളപ്പുകളിലും പറമ്പുകളിലും കൃഷിചെയ്യുന്നവരുമുണ്ട്.
പ്രൗഢി കുറയാതെ
പൂ മാർക്കറ്റ്
കൃഷി കുറഞ്ഞെങ്കിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂച്ചന്തയായ തോവാള പൂമാർക്കറ്റിന്റെ പ്രൗഢിക്ക് കുറവുണ്ടായിട്ടില്ല. മധുര, ഊട്ടി, ബംഗളൂരു, ഹൊസൂർ, ദിണ്ടിഗൽ, സേലം എന്നിവിടങ്ങളിൽനിന്നാണ് ഇന്ന് ഇവിടേക്ക് പൂ എത്തുന്നത്. പുലർച്ചെ നാലിന് പൂച്ചന്ത ഉണരും.
തോവാളയിലും സമീപഗ്രാമങ്ങളിലും കൃഷിചെയ്യുന്ന പൂക്കളും അതിർത്തി കടന്നെത്തുന്നവയും കടകളിൽ നിറയും. ഉച്ചയോടെ തിരക്കൊഴിയും. ഓണം എത്തിയതോടെ 15 ടണ്ണിലധികം പൂക്കളാണ് ദിവസേന വിൽപ്പന. അല്ലാത്തപ്പോൾ എട്ടുമുതൽ പത്ത് ടൺവരെയാണ് വിൽപ്പന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..