തിരുവനന്തപുരം
സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ സ്ത്രീധന നിരോധന ഓഫീസറോട് വനിതാ കമീഷൻ റിപ്പോർട്ട് തേടി. വിവാഹനിശ്ചയത്തിനുശേഷം വരന്റെ ബന്ധുക്കൾ സ്ത്രീധനം ആവശ്യപ്പെട്ടതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറുകയും തുടർന്ന് വനിതാ കമീഷനിൽ പരാതി നൽകുകയുമായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴിയുള്ള ആലോചന വീട്ടുകാർ ഉറപ്പിച്ചതോടെ വിദേശത്തുനിന്ന് വിവാഹത്തിനായി യുവതി എത്തുകയായിരുന്നു.
വിവാഹത്തിന് മുമ്പുതന്നെ സ്ത്രീധനത്തെ എതിർക്കാനും അതേക്കുറിച്ച് പരാതി നൽകാനും പെൺകുട്ടികൾ തയ്യാറാകുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വനിതാ കമീഷന്റെ ബോധവൽക്കരണ പ്രവൃത്തികൾ ഫലവത്താകുന്നുവെന്നതിന്റെ സൂചനയാണിതെന്നും അവർ പറഞ്ഞു.
ജില്ലാതല അദാലത്തിന്റെ ആദ്യദിവസം 250 കേസാണ് പരിഗണിച്ചത്. 34 കേസ് പരിഹരിച്ചു. ഒമ്പത് എണ്ണത്തിൽ റിപ്പോർട്ട് തേടി. ഒരെണ്ണം കൗൺസിലിങ്ങിന് വിട്ടു. 213 കേസ് അടുത്ത കൗൺസിലിൽ തുടർവാദത്തിന് മാറ്റിവച്ചു. രണ്ട് പുതിയ പരാതികളും ലഭിച്ചു. അദാലത്ത് ചൊവ്വാഴ്ചയും നടക്കും.
ജോലിസ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. സാമൂഹികദ്രോഹികളുടെ ശല്യമാണ് മറ്റൊരു പ്രശ്‌നം. ഇതിനെതിരെ പരാതിപറയുന്നവരെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായുള്ള പരാതി കമീഷനിലെത്തി.
ഗാർഹിക പീഡന കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ജവഹർ ബാലഭവനിൽ നടന്ന അദാലത്തിന് വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ നേതൃത്വം നൽകി. സിഐ ജോസ് കുര്യൻ, എസ്‌ഐ മിനുമോൾ, അഭിഭാഷകരായ സൂര്യ, അദീന, അശ്വതി, സൗമ്യ, കൗൺസിലറായ കവിത എന്നിവരും പരാതികൾ പരിഗണിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..