05 November Tuesday

ഉന്നതവിദ്യാഭ്യാസം: മികവോടെ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

 തിരുവനന്തപുരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) മികച്ച കോളേജുകളുടെ റാങ്ക് പട്ടികയിൽ 22–--ാം സ്ഥാനം നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌. കഴിഞ്ഞവർഷം 26 – -ാമതായിരുന്ന കോളേജ്‌ ഇത്തവണ 22–-ാം റാങ്കിലേക്ക്‌ ഉയരുകയായിരുന്നു. 
 
വഴുതക്കാട്‌ ഗവ. വനിതാകോളേജ്‌ 49–-ാം റാങ്കും നാലാഞ്ചിറ മാർഇവാനിയോസ്‌ കോളേജ്‌ 66–-ാം റാങ്കും നേടി ആദ്യ നൂറിൽ ഇടം നേടി. ആദ്യ 150ൽ ആറ്റിങ്ങൽ ഗവ. കോളേജും 151 മുതൽ 200 വരെയുള്ള റാങ്ക്‌ പട്ടികയിൽ നെടുമങ്ങാട്‌ ഗവ. കോളേജ്‌, എംജി കോളേജ്‌ എന്നിവ ഇടം നേടി. 201 മുതൽ 300 വരെയുള്ള വിഭാഗത്തിൽ തുമ്പ ഓൾ സെയിന്റ്‌സ്‌ കോളേജ്‌, ഗവ. ആർട്‌സ്‌ കോളേജ്‌ എന്നിവയുമുണ്ട്‌.
 
  കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കോളേജും യൂണിവേഴ്‌സിറ്റി കോളേജാണ്‌. മുൻവർഷമടക്കം തുടർച്ചായി ആറുതവണ കോളേജ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഒന്നാംസ്ഥാനം നേടിയ എറണാകുളം രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസിന്‌ 64.22 മാർക്ക്‌ ലഭിച്ചപ്പോൾ രണ്ടാംസ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി കോളേജിന്‌ 63.65 മാർക്കാണ്‌ ലഭിച്ചത്‌. ഈ വർഷം നാക്‌ റീ അക്രിഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന കോളേജിന് ഈ റാങ്ക്‌ വലിയ പ്രചോദനമാണന്ന് പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ കുമാർ അറിയിച്ചു. വിദ്യാർഥികളുടെ നേട്ടങ്ങൾ, അധ്യാപക നിലവാരം, ഗവേഷണ മികവ് തുടങ്ങിയവ മികച്ച റാങ്കിന് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും അമ്പതോളം റാങ്കുകളാണ് വിവിധ വിഷയങ്ങളിൽ കോളേജിലെ കുട്ടികൾ നേടുന്നത്. കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലാണ് ഇതിനാവശ്യമായ രേഖകൾ ശേഖരിച്ച് എൻഐആർഎഫിന് സമർപ്പിക്കുന്നത്. ഡോ. മനോമോഹൻ ആന്റണി കൺവീനറും ഡോ. ഷൈൻലാൽ (എൻഐആർഎഫ്‌ നോഡൽ ഓഫീസർ), ഡോ. രാജേഷ്, ഡോ. ജിജോയ് എന്നിവർ അംഗങ്ങളുമായതാണ്‌ കമ്മിറ്റി. വരുംവർഷങ്ങളിൽ ആദ്യത്തെ പത്ത് റാങ്കിൽ എത്താനാണ്‌ കോളേജിന്റെ ശ്രമം.
 

അഭിമാനമായി 
ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും

 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മികച്ച ആരോഗ്യസ്ഥാപനങ്ങളിൽ 42–-ാം റാങ്ക്‌ നേടി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌. കഴിഞ്ഞ വർഷം 44–-ാം റാങ്കായിരുന്നു. 13–-ാം റാങ്ക്‌ നേടിയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയാണ്‌ ഈ വിഭാഗത്തിൽ സംസ്ഥാനത്ത്‌ ഒന്നാമതെത്തിയത്‌. ദന്തൽ വിഭാഗത്തിൽ 21–-ാം റാങ്ക്‌ നേടി ഗവ. ദന്തൽ കോളേജ്‌ റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടു.
അക്കാദമിക്‌ രംഗത്തെ മികവും അടിസ്ഥാനസൗകര്യ വികസനവും ഗവേഷണ സാധ്യതകളുമാണ്‌ സ്ഥാപനങ്ങളെ  നേട്ടത്തിലെത്തിച്ചത്‌. മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചതും എമർജൻസി മെഡിസിനിൽ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചതും കഴിഞ്ഞ വർഷമാണ്‌.  23 കോടിയുടെ ലേഡീസ് ഹോസ്റ്റലും പദ്ധതിയിലുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top