തിരുവനന്തപുരം
മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ജനനേതാവായിരുന്നു സീതാറാം യെച്ചൂരി. കേരളവുമായി അത്രയേറെ ആത്മബന്ധം പുലർത്തിയിരുന്നു. എ കെ ജി സെന്ററിൽ യെച്ചൂരിയുടെ ഓർമകൾ അലയടിക്കുകയാണ്. കേരളത്തിലെത്തിയാൽ എ കെ ജി സെന്ററിലെ രണ്ടാം നിലയിലെ 35–-ാം നമ്പർ മുറിയിലാണ് താമസം. ഇവിടുത്തെ നാടൻ മീൻകറിയും സദ്യയുമൊക്കെയാണ് ഇഷ്ടവിഭവം. നല്ല കടുപ്പമുള്ള കാപ്പിയും വേണം.
കേരളത്തിൽ എത്തുമ്പോഴൊക്കെ എസ് രാമചന്ദ്രൻപിള്ളയെയും മന്ത്രി വി ശിവൻകുട്ടിയേയുമാണ് യെച്ചൂരി ആദ്യം അന്വേഷിക്കുക. അത്ര അടുത്ത ബന്ധം ഇരുവരുമായി ഉണ്ടായിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി കെ രാമചന്ദ്രനാണ് മറ്റൊരു സുഹൃത്ത്.
● ഒഴുകിയെത്തിയത്
നൂറുകണക്കിന് പേർ
വിയോഗ വാർത്തയറിഞ്ഞതിനു പിന്നാലെ എ കെ ജി സെന്ററിൽ പാർടി പതാക താഴ്ത്തിക്കെട്ടി. നൂറുകണക്കിന് പേരാണ് എ കെ ജി സെന്ററിലേക്ക് ഒഴുകിയെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യെച്ചൂരിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, പി കെ ബിജു, എം സ്വരാജ്, എ എ റഹിം എംപി, എം വിജയകുമാർ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..