21 November Thursday
സ്വാതി സുരേഷ്‌

തിരക്കിലാണ്‌ വ്യോമമിത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

പ്ലസ്ടു വിദ്യാർഥി അക്ഷയ് ജിത്ത് വ്യോമമിത്ര എന്ന റോബോട്ടിക്ക് 
സംവിധാനത്തെക്കുറിച്ച് മറ്റു വിദ്യാർഥികൾക്കായി വിവരിക്കുന്നു

തിരുവനന്തപുരം 
ഇന്ത്യ കാത്തിരിക്കുകയാണ്‌,  ബഹിരാകാശത്തേക്ക്‌ മനുഷ്യരെ അയക്കാനുള്ള ഗഗൻയാൻ  ദൗത്യത്തിനായി... ഇന്ത്യയുടെ ഭാവി  ദൗത്യത്തിലെ കൗതുകം "വ്യോമമിത്ര'തന്നെയാണ്‌. ഗഗൻയാനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കുന്ന ഈ പെൺറോബോട്ടിനെ കാണാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും തൈക്കാട്‌ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിലെ ഐഎസ്‌ആർഒ പ്രദർശനത്തിൽ തിരക്കൽപ്പം കൂടുതലാണ്‌. 
"ചലിക്കുന്ന കൈകളും ശരീരവും മുഖവും കഴുത്തുമുള്ള, മനുഷ്യരൂപമുള്ള "ഹ്യൂമനോയ്‌ഡ്'റോബോട്ടാണ്‌ വ്യോമമിത്ര. ഗഗൻയാൻ ദൗത്യത്തിലെ പേടകത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും ഭൂമിയിലെ മിഷൻ കൺട്രോൾ ടീമിനെ അറിയിക്കുന്നതടക്കം പല ജോലികൾ വ്യോമമിത്രയ്ക്ക് ചെയ്യാനുണ്ട്. ബഹിരാകാശയാത്ര മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അറിയാനാണ്‌ റോബോട്ടിനെ അയക്കുന്നത്‌'. പ്ലസ്‌ ടു വിദ്യാർഥിയായ അജയ്‌ ജിത്ത്‌ കൂട്ടുകാർക്ക്‌ വ്യോമമിത്രയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌.
ഇന്ത്യയുടെ ഭാവി മാത്രമല്ല, ആര്യഭട്ട മുതൽ ചാന്ദ്രയാൻ- 3 വരെയുള്ള ഉപഗ്രഹങ്ങളും ഭ്രമണപഥ മാതൃകകളുമുണ്ട്. സ്‌പേസ്‌ സ്യൂട്ട്‌ മാതൃകയിൽ സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്‌.
സന്ദർശകർക്ക് ഓരോ മാതൃകയെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുക്കുന്നതിന്‌ മോഡൽ സ്കൂളിലെ മിടുക്കർ സജ്ജരാണ്‌. വിക്രം  സാരാഭായ്‌ സ്പേസ്‌ സെന്ററിലെ ഉദ്യോഗസ്ഥരായ ശ്രീകുമാർ, ആർ അനീഷ്, എസ്‌ ആരോമൽ,വി ആദർശ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രദർശനം."ഓരോ ദൗത്യത്തിനു പിന്നിലുമുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കുക മാത്രമല്ല, മേഖലയിൽ എത്രമാത്രം തൊഴിലവസരങ്ങൾ ഉണ്ടെന്ന്‌ അറിയുന്നതും ഇപ്പോഴാണ്‌–- പ്ലസ്‌ വൺ വിദ്യാർഥി പ്രേം പ്രകാശ്‌ പറയുന്നു.
ഐഎസ്ആർഒയുടെ മൂന്ന് ദിവസത്തെ പ്രദർശനം ശാസ്ത്ര പ്രഭാഷകൻ ഡോ. ഡി എസ് വൈശാഖൻ തമ്പി  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ വി പ്രമോദ്, സയൻസ് ക്ലബ് ഭാരവാഹി വി വിശ്വദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top