വർക്കല
പാപനാശത്തും ഹെലിപ്പാഡിലും തിരക്കേറുമ്പോൾ സന്ദർശകർ മിക്കവരും ഓടിയിറങ്ങാനെത്തുന്ന ഇടമാണ്, പാപനാശം തെക്കുള്ള ആലിയിറക്കം ബീച്ച്. എന്നാലിവിടെ പതിയിരിക്കുന്ന അപകടത്തെപ്പറ്റിയാണ് മേഖലയിലുള്ളവരുടെ ആശങ്ക. വേണ്ടത്ര സുരക്ഷയില്ലെന്നാണ് ആരോപണം. അപകട മുന്നറിയിപ്പ് സംവിധാനമുണ്ടായിരുന്നെങ്കിലും നശിച്ചുപോയി. ടൂറിസം സീസൺ ആകുന്നതോടെ നോർത്ത് ക്ലിഫിനൊപ്പം സൗത്ത് ക്ലിഫിലും സന്ദർശകത്തിരക്കാണ്. ഒരാഴ്ചയ്ക്കിടെ ആലിയിറക്കം ബീച്ചിൽ മാത്രം രണ്ടു യുവാക്കൾ തിരയിൽപ്പെട്ടു മരിച്ചു. കഴിഞ്ഞ ആഴ്ച കർണാടക സ്വദേശിയും ഐടി ജീവനക്കാരനുമായ യുവാവും മുങ്ങിമരിച്ചു. അടിയൊഴുക്കിൽപ്പെടുന്നതാണ് അപകടകാരണം.
പാപനാശം മുതൽ ആലിയിറക്കം വരെ ഒരു കിലോമീറ്ററിൽ ലൈഫ് ഗാർഡുകളില്ല. പാപനാശവും വടക്കോട്ട് നീളുന്ന മെയിൻ ബീച്ച്, തിരുവമ്പാടി തുടങ്ങിയ തിരക്കേറിയ ബീച്ചുകളിൽ മാത്രമാണുള്ളത്. മുൻകാലങ്ങളിൽ സൗത്ത് ക്ലിഫിൽ സന്ദർശകർ കുറവായിരുന്നു. ഇപ്പോൾ ടൂറിസം സംവിധാനങ്ങൾ വികസിച്ചതോടെ അവധി ദിവസങ്ങളിൽ ഇവിടം ജനനിബിഡമാണ്. ഏകദേശം 20 മുതൽ 30 അടിവരെ ഉയരമുള്ള കുന്നുകളിൽനിന്നു സന്ദർശകർക്ക് നേരിട്ടു ബീച്ചിലേക്കിറങ്ങാൻ പാകത്തിൽ പടിക്കെട്ടുകൾ, കോവണികൾ എന്നിവയുണ്ട്. കൂടാതെ ആലിയിറക്കം ഭാഗത്തുനിന്ന് തീരം വരെ സഞ്ചാര യോഗ്യമായ റോഡുമുണ്ട്. അവധി ദിവസങ്ങളിൽ പാപനാശത്തും ഹെലിപ്പാഡിലും വൻ തിരക്കായതിനാൽ പലരും ആലിയിറക്കത്തേക്കു നീങ്ങും.
മിക്കവരും നേരെ കടലിലേക്ക് ഇറങ്ങുകയാണ് പതിവ്. ഇവരെ നിയന്ത്രിക്കാനും മുന്നറിയിപ്പു നൽകാനും പൊലീസിന്റെയോ ലൈഫ് ഗാർഡിന്റെയോ സാന്നിധ്യമില്ല. അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡ് സേവനം ആലിയിറക്കം വരെ നീട്ടണമെന്ന ആവശ്യം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..