തിരുവനന്തപുരം
‘എന്റെ സഖാക്കൾക്കില്ലാത്ത ജാമ്യം എനിക്കും വേണ്ട, ഒന്നുകിൽ അവർക്കൊപ്പം പുറത്തേക്ക്, അല്ലെങ്കിൽ എന്നെയും ജയിലിലടയ്‌ക്കൂ’–- പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ശബ്‌ദം വഞ്ചിയൂർ കോടതിയിൽ മുഴങ്ങി. കേവലമൊരു സ്ഥലനാമമല്ല, രണസ്‌മരണകളിലെ ഉജ്വലമായ ഒരേടാണ് മുടവൻമുഗൾ.
തിരുവനന്തപുരത്തെ ഭൂസമരങ്ങളിൽ ഉജ്വലമായ ഒന്നായിരുന്നു 1970ൽ എ കെ ജിയുടെ നേതൃത്വത്തിൽ മുടവൻമുഗൾ കൊട്ടാരത്തിനു മുന്നിൽ സംഘടിപ്പിച്ചത്. ഇ എം എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തെക്കുറിച്ച് ആലോചിക്കാൻ 1969ൽ ആലപ്പുഴയിൽ കർഷക -കർഷകത്തൊഴിലാളികളും മറ്റു പുരോഗമന പ്രവർത്തകരും യോഗം ചേർന്നു. 1970 ജനുവരിയിൽ മിച്ചഭൂമി പിടിച്ചെടുക്കൽ സമരം തുടങ്ങാനായിരുന്നു യോഗത്തിന്റെ തീരുമാനം. ജനുവരി ഒന്നിന് സംസ്ഥാനത്തുടനീളം കൃഷിക്കാരും കുടികിടപ്പുകാരും ഭൂമിയിൽ അവകാശം സ്ഥാപിച്ചു. പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് കർഷക മുന്നേറ്റത്തെ അടിച്ചമർത്താനായിരുന്നു ഭൂവുടമകളുടെ ശ്രമം. വെടിവയ്‌പിലും ആക്രമണത്തിലും നിരവധിയാളുകൾ കൊല്ലപ്പെട്ടു. മെയ് 23ന് എറണാകുളത്ത് ചേർന്ന സമരസമിതി സംസ്ഥാന വ്യാപകമായി 13,000 ഏക്കർ ഭൂമി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കർഷകർ മുടവൻമുഗൾ കൊട്ടാരത്തിൽ അവകാശം സ്ഥാപിക്കാൻ തീരുമാനിച്ചത്.
ചുട്ടിത്തോർത്ത് തോളിലിട്ട്, മുണ്ട് മടക്കിക്കുത്തി കൊട്ടാരമതിൽ ചാടിക്കടന്ന എ കെ ജി ഇന്നും ആവേശമാണ്. കൊട്ടാരവളപ്പിലെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് എ കെ ജിയും സമരഭടന്മാരും കൊളുത്തിയ തീ അധികാര ധിക്കാരത്തിന്റെ മേൽക്കൂരകൾ ചുട്ടെരിച്ചു.
1970 മെയ് 25നായിരുന്നു ചരിത്രത്തിൽ ഇടംനേടിയ സമരം. രാവിലെ പത്തിന് എ കെ ജിയുടെ നേതൃത്വത്തിൽ 27 സന്നദ്ധഭടന്മാർ ആയിരങ്ങളുടെ അകമ്പടിയോടെ മുടവൻമുഗളിലേക്ക്. അഴീക്കോടൻ രാഘവൻ, കാട്ടായിക്കോണം വി ശ്രീധർ, പുത്തലത്ത് നാരായണൻ, അവണാകുഴി സദാശിവൻ, കെ അനിരുദ്ധൻ തുടങ്ങിയവരായിരുന്നു മുന്നണിയിൽ.
കൊട്ടാരഗേറ്റിലും റോഡിലും തോക്കുമായി പൊലീസ്. കൂറ്റൻ മതിൽ ലക്ഷ്യമാക്കി എ കെ ജി കുതിച്ചു. കൊട്ടാരവളപ്പിൽ കടന്ന അദ്ദേഹം മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ചതായി പ്രഖ്യാപിച്ച് നിലത്തിരുന്നു. ആയിരക്കണക്കിന് കണ്ഠങ്ങളിൽനിന്ന് ഇടിമുഴക്കം കണക്കെ മുദ്രാവാക്യങ്ങൾ മുഴങ്ങി. ജനക്കൂട്ടം ആവേശത്തിൽ ഇളകിമറിഞ്ഞു.
അറസ്റ്റ് ചെയ്‌ത് കോടതിയിലെത്തിച്ചപ്പോൾ എ കെ ജി സ്വയം കേസ് വാദിച്ചു. തനിക്കുമാത്രം ജാമ്യം നൽകിയതിൽ കുപിതനായ എ കെ ജി കോടതിയിൽ ധർണയിരുന്നു. തുടർന്ന്, അദ്ദേഹവും വളന്റിയർമാരും ജയിലിൽ. ധർണയുടെ പേരിൽ വീണ്ടും അറസ്റ്റും ജയിൽവാസവും.പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും അറസ്റ്റ് അന്യായമാണെന്ന് കാണിച്ച് വീണ്ടും കോടതി മുറിയിൽ ധർണ. അതോടെ എ കെ ജിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെങ്ങും സമരവേലിയേറ്റം. ഗത്യന്തരമില്ലാതെ കേസ് തള്ളേണ്ടിവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..