കോവളം
‘ആരുപറഞ്ഞു മരിച്ചെന്ന്...ജീവിക്കുന്നു ഞങ്ങളിലൂടെ’... കണ്‌ഠങ്ങൾ ഇടറാത്ത മുദ്രാവാക്യങ്ങളായി രക്തസാക്ഷികൾ പുനർജനിച്ചു. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി, ജീവൻ ത്യജിച്ചവർ വീണ്ടും രക്തതാരങ്ങളായി ജ്വലിച്ചു. സിപിഐ എമ്മിനുവേണ്ടി ജീവൻ നൽകിയ പോരാളികളുടെ സ്‌മരണപുതുക്കി രക്‌തസാക്ഷികളുടെ കുടുംബസംഗമം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിഴിഞ്ഞം ചപ്പാത്തിലാണ് ‘രണധീരരേ..’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. 1972ലെ കയർത്തൊഴിലാളി സമരത്തിൽ പൊലീസിന്റെ വെടിയേറ്റുമരിച്ച വാഴമുട്ടം അമ്മു മുതൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖ്–-മിഥിലാജ് എന്നിവരുടെയുൾപ്പെടെ കുടുംബാംഗങ്ങൾ ഒരുവേദിയിൽ സംഗമിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ സംഗമം ഉദ്‌ഘാടനം ചെയ്‌തു. വാഴമുട്ടം അമ്മുവിന്റെ മകൻ എൻ സോമൻമുതൽ 2020 ലെ തിരുവോണത്തലേന്ന് കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയ തേമ്പാമൂട്ടിലെ മിഥിലാജിന്റെ പത്തു വയസ്സുകാരനായ മകൻ അഹമ്മദ് ഇർഫാൻവരെ അണിനിരന്നു.
പിഡിപിക്കാർ കൊലപ്പെടുത്തിയ ആറ്റിങ്ങലിലെ എ എം സക്കീർ, ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ വിതുരയിലെ ദിൽഷാദ്, ചാലയിലെ കെ എൻ മണി, വെള്ളറടയിലെ നാരായണൻ നായർ, കോൺഗ്രസുകാർ കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്–- മിഥിലാജ്, ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ നേമത്തെ കെ രവീന്ദ്രൻ, എസ് ചന്ദ്രൻ, സി സുദർശനൻ, കരുമം തുളസി, മദ്യലോബിക്കാർ കൊലപ്പെടുത്തിയ നെടുമങ്ങാട്ടെ രാജീവ് പ്രസാദ്, കോൺഗ്രസുകാർ കൊലപ്പെടുത്തിയ കഴക്കൂട്ടത്തെ ഹരിദാസൻ, വഞ്ചിയൂരിലെ ഫിലിപ് റൊസാരിയോ, ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ വഞ്ചിയൂരിലെ വി വി വിഷ്‌ണു, പേരൂർക്കടയിലെ കൂഹ, കോൺഗ്രസുകാർ കൊലപ്പെടുത്തിയ കോവളത്തെ എസ് ധനപാലൻ, ജസ്‌റ്റിൻ രാജ്, നെയ്യാറ്റിൻകരയിലെ ബാബുരാജ്, 1972ൽ ജന്മിമാർ കൊലപ്പെടുത്തിയ നേമത്തെ കർഷകത്തൊഴിലാളി വിശ്വംഭരൻ, 1981 ലെ പ്ലീനത്തിന്റെ ജാഥയിൽ പങ്കെടുക്കാൻ ലോറിയിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ മരിച്ച രഘുനാഥൻ, മയക്കുമരുന്ന് -മാഫിയ കൊലപ്പെടുത്തിയ കഴക്കൂട്ടത്തെ മുരളീധരൻ നായർ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.
എസ് പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്‌പലത, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത് തുടങ്ങിയവർ സംസാരിച്ചു. കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ ബിനുകുമാർ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം കെ എസ് സജി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..