തിരുവനന്തപുരം
ഒരു വർഷം നീളുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സപ്തതി ആഘോഷത്തിന് ഇന്ന് തുടക്കമാകും. പൂർവ വിദ്യാർഥികളും അധ്യാപകരും വിദ്യാർഥികളും സഹകരിച്ചാണ് ആഘോഷം. ആരോഗ്യ വിദ്യാഭ്യാസമേഖല പൊതുവെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രത്യേകിച്ചും മികവുറ്റതാക്കാനുള്ള ചർച്ചകളാകും വെള്ളിയാഴ്‌ച നടക്കുക. വിരമിച്ചവർക്കൊപ്പം രാജ്യത്തിനുപുറത്ത് സേവനമനുഷ്ഠിക്കുന്ന ഡോ. എം വി പിള്ള, ഡോ. വേണുഗോപാലമേനോൻ, ഡോ. രവീന്ദ്രനാഥ് തുടങ്ങിയവരും സമാനവിഷയങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പങ്കെടുക്കും. 1958 ബാച്ചിലെ വിദ്യാർഥിയായ ഡോ. രവീന്ദ്രനാഥ് (യുഎസ്) 60 ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിച്ചുനൽകുന്ന നോളജ് സെന്ററിന്റെ തറക്കല്ലിടലും നടക്കും. മന്ത്രി കെ കെ ശൈലജയാണ് തറക്കല്ലിടുന്നത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇരുപത്തഞ്ചോളം ഡോക്ടർമാർക്ക് അവാർഡ് സമ്മാനിക്കും.
അലുമ്നി അസോസിയേഷന്റെ 15–-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾ പകൽ രണ്ടിന് ആരംഭിക്കും. 'തിരുവനന്തപുരം മെഡിക്കൽ കോളേജ് 2020 ലും അതിനുശേഷവും' എന്ന സെമിനാറോടെയാണ് പരിപാടി തുടങ്ങുക. മൂന്നുദിവസത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച പകൽ 3.30 ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിർവഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ഞായറാഴ്ച തുടർവിദ്യാഭ്യാസ പരിപാടിയും ഡോ. രാജമ്മ രാജൻ, ഡോ. ഉമാദത്തൻ, പ്രൊഫ. എം എ അക്ബർ, ഡോ. ഇക്ബാൽ അഹമ്മദ് തുടങ്ങിയവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..