തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല ഉത്സവത്തെ വരവേൽക്കാനൊരുങ്ങി നഗരം. പൊങ്കാലയ്‌ക്ക് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തേണ്ട ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. ഉത്സവമേഖലയായ 31 വാർഡിലെ 32 റോഡുകളുടെ അറ്റകുറ്റപ്പണികൾ 25നകം പൂർത്തിയാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. റോഡ് നവീകരണത്തിന് ടെൻഡർ നടപടി പൂർത്തിയാക്കി. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും.
പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവൽക്കരണം നടത്തും. ഉത്സവമേഖലയിലേക്ക് ആവശ്യമായ തെരുവുവിളക്കുകൾ കെഎസ്‌ഇബി ഒരാഴ്‌ചയ്‌ക്കകം സ്ഥാപിക്കും. കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി 1270 ടാപ്പ് സ്ഥാപിക്കും. അഗ്നിശമനസേനയുടെ വാട്ടർ ടാങ്കറുകളും ഉപയോഗിക്കും. നഗരസഭയിലെ 1500 ശുചിത്വ ജീവനക്കാരെയും മുഴുവൻ വാഹനങ്ങളും 300 ഇ ടോയ്‌ലെറ്റും ഉറപ്പുവരുത്തും. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കൽ ടീമിനെ നിയോഗിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊങ്കാല ദിവസം ജില്ലയ്ക്ക് പ്രാദേശിക അവധിയും നഗരപരിധിയിൽ ഡ്രൈ ഡേയുമായിരിക്കും. യോഗത്തിൽ ശശി തരൂർ എംപി, വി എസ് ശിവകുമാർ എംഎൽഎ, മേയർ കെ ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കലക്ടർ കെ ഗോപാലകൃഷ്‌ണൻ, സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ്, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സുരക്ഷയ്‌ക്ക് 3600 പൊലീസുകാർ
മാർച്ച് ഒന്നുമുതൽ എട്ടുവരെ 760 പൊലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിക്കും. ഉത്സവദിനമായ മാർച്ച് ഒമ്പതിന് രണ്ടായിരത്തലധികം വനിതാ പൊലീസുകർ ഉൾപ്പെടെ 3600 പൊലീസുകാരെ നിയോഗിക്കും. മോഷണം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. മുപ്പതോളം സിസി ടിവി ക്യാമറകൾക്കു പുറമെ ഡ്രോൺ ക്യാമറകൾ വഴിയും നിരീക്ഷണം നടത്തും.
ഉച്ചഭാഷിണി പിടിവീഴും
എസ്‌എസ്‌എൽസി/പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. പൊലീസിന്റെ അനുവാദം കൂടാതെയും നിശ്ചിതപരിധിയിൽ കൂടുതൽ ശബ്ദത്തിലും ഉച്ചഭാഷിണികൾ ഉപയോഗിച്ചാൽ അവ കസ്റ്റഡിയിലെടുക്കും.
300 കെഎസ്‌ആർടിസി; 9 സ്‌പെഷ്യൽ ട്രെയിൻ
മാർച്ച് എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിൽ നാഗർകോവിൽ എറണാകുളം ഭാഗത്തേക്കായി ഒമ്പത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൂടുതൽ സ്റ്റോപ്പുകളും അനുവദിക്കും. കെഎസ്‌ആർടിസി മുന്നൂറ് സർവീസ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..