22 November Friday
മുക്കുപണ്ടം പണയംവച്ച് 15 ലക്ഷം തട്ടി

യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
ആറ്റിങ്ങൽ
മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ. സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഴൂർ ശാസ്തവട്ടം തുന്നരികത്തുവീട്ടിൽ സിദ്ദിഖ് (35), കൊല്ലം പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി (30), ആറ്റിങ്ങൽ മങ്കാട്ടുമൂല ആതിര ഭവനിൽ അജിത് (29) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരെ റിമാൻഡ്‌ ചെയ്‌തു. 
ചെമ്പ്, വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിന്റെ 10 മുതൽ 15 ശതമാനം വരെ സ്വർണം പൂശിയാണ്‌ സംഘം ധനകാര്യസ്ഥാപനങ്ങളിൽ ആഭരണം പണയം വച്ചത്‌. ആറ്റിങ്ങൽ ആലംകോട് വൃന്ദാവൻ ഫൈനാൻസിയേഴ്സിൽമാത്രം 2024 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 50 പവനോളം സ്വർണം ഇവർ പണയംവച്ചിട്ടുണ്ട്‌. വ്യാജമായി നിർമിച്ച ആധാർ കാർഡ്, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്‌, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവയാണ്‌ പണയംവയ്ക്കാനുള്ള രേഖയായി ഉപയോഗിച്ചത്‌. 
ബംഗളൂരു സ്വദേശിയിൽനിന്നാണ് ഇവർ സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾ മാർക്കും 916 സിംബലും പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങൾ അപ്രൈസർമാർക്കുപോലും മനസ്സിലായിട്ടില്ല.  സ്ത്രീകൾ മാനേജർമാരായ പണമിടപാട്‌ സ്ഥാപനങ്ങളെയാണ് ഇവർ സമീപിക്കുന്നത്‌. മികച്ച വേഷവിധാനത്തിലെത്തുന്ന സംഘം കള്ളം പറഞ്ഞാണ്‌ ഇടപാട്‌ നടത്തുന്നത്‌. വൃന്ദാവൻ ഫൈനാൻസിനുപുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതികൾ പല പേരിൽ പണയം വച്ചിട്ടുണ്ട്. നിരവധി ആധാർ കാർഡുകളുടെ പകർപ്പുകൾ പ്രതികളിൽനിന്ന്‌ കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ പ്രതികൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്‌. 
ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാലിന്റെ നിർദേശത്തിൽ എസ്എച്ച്ഒ ജി  ഗോപകുമാർ, എസ്‌ സജിത്ത്, എം എസ് ജിഷ്ണു, എൽ ആർ ശരത്കുമാർ, പ്രേംകുമാർ, വിഷ്ണുലാൽ എന്നിവരാണ്‌ അറസ്റ്റ് ചെയ്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top