ചിറയിൻകീഴ്
അഞ്ചുതെങ്ങിൽ കടൽക്കരയിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കടൽച്ചുഴിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു. പതിനഞ്ചുകാരനെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ തോമസ്–-- പ്രിൻസി ദമ്പതികളുടെ മകൻ ജിയോ തോമസ് (10) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആഷ്‌ലിൻ ജോസ്(15)നെ കാണാതായി.
വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽക്കരയിൽ ഫുട്ബോൾ കളിക്കുകയായിരുന്നു ഇവരുൾപ്പട്ട സംഘം. വെള്ളത്തിൽ വീണ പന്ത് എടുക്കാനിറങ്ങിയ ജിയോ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ ആഷ്‌ലിനും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് പൊലീസും ചേർന്ന് തിരഞ്ഞെങ്കിലും ആഷ്‌ലിനെ കണ്ടെത്താനായില്ല. ഒരു മണിക്കൂറിനുശേഷമാണ് ജിയോയെ കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആഷ്‌ലിനായി കോസ്റ്റൽ പൊലീസും അഗ്നിശമന സേനയും രാത്രി വൈകിയും തിരച്ചിൽ നടത്തി.
സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ജിയോ. സഹോദരൻ ഗുഡ്‌വിൻ.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് പള്ളിപ്പുരയിടം ജോസ് –-- ഷൈനി ദമ്പതികളുടെ മകനാണ് ആഷ്‌ലിൻ ജോസ്. സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്തംഗങ്ങളായ ഫ്ലോറൻസ് ജോൺസൺ, ഡോൺ ബോസ്കോ എന്നിവർ സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..